
ന്യൂഡൽഹി: ഗീത എന്ന പെൺകുട്ടിയെ ഓർമ്മയില്ലേ? കുട്ടിയായിരിക്കെ സംഝോതാ എക്‌സ്‌പ്രസിൽ അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് പോയ അവൾ പിന്നീട് 12 വർഷത്തിന് ശേഷം 2015ലാണ് ജന്മനാട്ടിലേക്ക് തിരികെയെത്തിയത്. ബധിരയും മൂകയുമായ ഗീതയെ തിരികെയെത്തിക്കാൻ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് മുൻകൈയെടുത്തിരുന്നു. അന്നുമുതൽ ഇന്ത്യയിലെ തന്റെ ബന്ധുക്കളെ അന്വേഷിക്കുന്ന ഗീതയ്‌ക്ക് ഒടുവിൽ സ്വന്തം അമ്മയെ തിരികെ ലഭിച്ചിരിക്കുകയാണ്.
പാകിസ്ഥാനിലെത്തിയ ഗീതയെ അവിടെ പ്രശസ്‌തമായ ഏധി ഫൗണ്ടേഷന്റെ ഒരു പ്രവർത്തകനാണ് സംരക്ഷിച്ചത്. ഫാത്തിമ എന്ന പേരും നൽകി. എന്നാൽ പിന്നീട് ഹിന്ദു പെൺകുട്ടിയാണ് എന്ന് മനസിലാക്കിയ അവർ അവൾക്ക് ഗീത എന്ന് പേരിട്ടു. ഗീതയ്‌ക്ക് സ്വന്തം അമ്മയെ ലഭിച്ച വിവരം അറിയുന്നതും ഏധി ഫൗണ്ടേഷനിൽ നിന്നാണ്. ഫൗണ്ടേഷന്റെ നടത്തിപ്പുകാരിയായ ബിൽകിസ് ഏധിയോട് ഗീത തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഗീതയുടെ ശരിക്കുളള പേര് രാധ വാഘ്‌മറെ എന്നാണെന്നും മഹാരാഷ്‌ട്രയിലെ നയിഗാവൊൻ ഗ്രാമത്തിൽ നിന്നാണ് ഗീതയ്‌ക്ക് അമ്മയെ ലഭിച്ചതെന്നും ബിൽക്കിസ് അറിയിച്ചു.
ഡിഎൻഎ ടെസ്‌റ്റിലൂടെയാണ് തന്റെ അമ്മയെ ഗീതയ്‌ക്ക് തിരിച്ചറിയാൻ സാധിച്ചത്. ഗീതയുടെ അച്ഛൻ കുറച്ച് നാൾമുൻപ് മരണമടഞ്ഞു. പുനർ വിവാഹം ചെയ്‌ത അമ്മ മീന ഇപ്പോഴും നയിഗാവൊൻ ഗ്രാമത്തിലുണ്ട്.