
കോട്ടയം: ജോസ് കെ മാണിക്കെതിരെ ആരോപണവുമായി യൂത്ത് ഫ്രണ്ട് നേതാവ് ജിൽസ് പെരിയപുറം രംഗത്തെത്തി. ജാേസ് കെ മാണി പിറവം സീറ്റ് വാങ്ങിയത് കച്ചവടത്തിനെന്നായിരുന്നു ജിൽസിന്റെ പ്രധാന ആരോപണം. 'സിന്ധുമോൾ ജേക്കബിനെ സി പി എം പുറത്താക്കിയത് നാടകം മാത്രമാണ്. സിപിഎം പുറത്താക്കിയ ആളെ പിറവത്ത് എൽ ഡിഎഫ് എങ്ങനെ ചുമക്കും. യൂത്ത് ഫ്രണ്ടുകാർക്ക് പാർട്ടി സീറ്റുനൽകിയില്ല. ജോസ് കെ മാണി പാർട്ടിയിൽ എത്തുംമുമ്പ് പാർട്ടിയിൽ ചേർന്ന ആളാണ് താൻ'- ജിൽസ് പറഞ്ഞു
പിറവത്ത് ജിൽസ് പെരിയപുരത്തിനെയാണ് ജോസ് വിഭാഗം സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. അവസാന നിമിഷമുണ്ടായ അപ്രതീക്ഷിത നീക്കത്തിൽ ജിൽസിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സി.പി.എം അംഗമായ സിന്ധുമോൾ ജേക്കബിനെ പിറവത്ത് സ്ഥാനാർത്ഥികയാക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിടാനുളള തീരുമാനത്തിലാണ് ജിൽസ് എന്നാണ് റിപ്പോർട്ട്.
അതിനിടെ സിന്ധുമോൾ ജേക്കബിനെ പാർട്ടി വിരുദ്ധ പ്രവർത്തങ്ങൾ ആരോപിച്ച് സി പി എം പുറത്താക്കി. സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയെ അറിയിച്ചില്ലെന്നാണ് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി പറയുന്നത്. എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നാണ് സിന്ധുമോൾ പറയുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ സിന്ധുമോൾ ജിൽസ് പെരിയപ്പുറം പാർട്ടിയോടാപ്പമുണ്ടാകുമെന്നും പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമെന്റ് സീറ്റല്ലെന്നും വ്യക്തമാക്കി.