
തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽക്യൂ സംവിധാനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വംബോർഡ്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഒട്ടുംവൈകാതെ മുഴുവൻ ബുക്കിംഗും പൂർത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്‌തവരിൽ പകുതിപേർ മാത്രമേ ദർശനത്തിനെത്തുന്നുളളൂവെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. ഇതുമൂലം വലിയ വരുമാന നഷ്‌ടമാണ് ബോർഡിന് സംഭവിച്ചിരിക്കുന്നത്. അതിനാൽ മാസപൂജയ്‌ക്കും ഉത്സവത്തിനും വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ‌് കാലത്തിന് മുൻപ് മാസപൂജകൾക്കായി നടതുറക്കുമ്പോൾ പ്രതിദിനം ഒന്നരക്കോടി രൂപ വരെ വരുമാനം ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അഞ്ച് ദിവസം നടതുറന്നാലും മുൻപ് ഒരു ദിവസം കൊണ്ട് ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ല. ഒന്നരക്കോടി രൂപയിൽ താഴെമാത്രമാണ് ഇപ്പോൾ വരുമാനം. ഒരുദിവസത്തെ പൂജകൾക്കും മറ്റുമായി ബോർഡിന് സന്നിധാനത്ത് 20 ലക്ഷം രൂപയാണ് ചെലവ് വരിക.
മീനമാസത്തിൽ നടതുറക്കുമ്പോൾ പ്രതിദിനം 5000 പേർക്കാണ് പ്രവേശനാനുമതിയുളളത്. ഉത്സവങ്ങളും തിരഞ്ഞെടുപ്പും നടക്കുന്ന സമയമായതിനാൽ ഇവരെല്ലാം എത്താനുളള സാദ്ധ്യത കുറവാണ്. ധാരാളം ഭക്തർ എത്തുന്ന തമിഴ്‌നാട്ടിൽ നിന്നും വരുന്ന തീർത്ഥാടകരുടെ എണ്ണത്തിലും കുറവുണ്ടായേക്കാം. ഇത് വരുമാനത്തെ കാര്യമായി ബാധിക്കാം. കഴിഞ്ഞമാസം ലഭിച്ചത് 1.38 കോടി രൂപ മാത്രമാണ്. ഇത്തവണത്തെ ശബരിമല ഉത്സവം മാർച്ച് 19ന് കൊടിയേറും. 28നാണ് ആറാട്ട്. കൊവിഡ് നെഗറ്റീവാണെന്ന ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഉളളവർക്കേ ദർശനത്തിന് അനുമതി ലഭിക്കൂ.