sabarimala-

തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ പ്രശ്നങ്ങളിൽ ഖേദപ്രകടനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അത് അടഞ്ഞ അദ്ധ്യായമാണെന്നും വിവാദങ്ങൾക്കില്ലെന്നും പറഞ്ഞ അദ്ദേഹം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കി.

'2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിൽ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ ഇപ്പോൾ അതൊന്നും ജനങ്ങളുടെ മനസിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങൾ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്- മന്ത്രി പറഞ്ഞു.

ശബരിമല വിഷയം പ്രചാരണവിഷയമാക്കി നേട്ടം കൊയ്യാനുളള കോൺഗ്രസിന്റെയും ബി ജെ പിയുടെയും ശ്രമങ്ങൾക്ക് തടയിടാനാണ് ഖേദപ്രകടനത്തിലൂടെ മന്ത്രിയുടെ ശ്രമമെന്നാണ് കരുതുന്നത്. സി പി എം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ തുറന്നുപറച്ചിൽ എന്നതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നേരത്തേ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

അടുത്തിടെയാണ് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എടുത്ത ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. എൻ എസ് എസും കോൺഗ്രസും ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനത്തെ എൻ എസ് എസ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.