pic

മോഹൻലാൽ സംവിധായകനാവുന്ന 'ബറോസ്' എന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ഫെബ്രുവരി 22ന് ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകൾ ആരംഭിച്ചിരുന്നു. സിനിമയുടെ ചിത്രീകരണവും ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ബറോസ് ചർച്ചകൾക്കിടയിൽ സന്തോഷ്ശിവൻ പകർത്തിയ മോഹൻലാലിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ചിത്രത്തിൽ രണ്ടു തലകളുള്ള മോഹൻലാലിനെയാണ് കാണാൻ സാധിക്കുക. 'ഇത് ഫോട്ടോഷോപ്പല്ല , ഐ ഫോൺ 12 പ്രോയുടെ പനോരമ മോഡിൽ പകർത്തിയ ചിത്രമാണ്,' എന്നും സന്തോഷ് ശിവൻ പറയുന്നു.

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. "ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.'ബറോസ് – ഗാർഡിയൻ ഒഫ് ഡി ഗാമാസ് ട്രഷർ'. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് 'ബറോസ്' എന്ന സിനിമ പിറന്നത്,' എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.