kummanam

തിരുവനന്തപുരം: നേമത്തുനിന്ന് കുമ്മനം രാജശേഖരനെ മാറ്റിയേക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയെക്കൂടി നോക്കിയായിരിക്കും ബി ജെ പി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വി ശിവൻകുട്ടിയാണ് സി പി എമ്മിന്റെ സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്ന് കെ മുരളീധരനെപ്പോലെ കരുത്തരായ ആരെങ്കിലും സ്ഥാനാർത്ഥിയായി എത്തുകയാണെങ്കിൽ മത്സരം കൂടുതൽ കടുക്കും. അത് മുൻകൂട്ടി കണ്ടാണ് കുമ്മനത്തെ മാറ്റാൻ ആലോചിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്ന നേമം മണ്ഡലം എന്തുവിലകൊടുത്തും നിലനിറുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. രാജഗോപാലിന് പകരം കുമ്മനത്തെ മത്സരിപ്പിക്കാനായിരുന്നു നേരത്തേ ബി ജെ പിയുടെ തീരുമാനം.മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിന് പാർട്ടി നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്ത് ബി ജെ പി ശക്തിവർദ്ധിപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് നേമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും വോട്ട് ശതമാനത്തിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നേമത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം നിശേഷം പരാജയപ്പെട്ട അവസ്ഥയിലാണ്. പഴയ കോൺഗ്രസുകാരിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ ബി ജെ പിയിലാണ്. അതിനാൽ കരുത്തർ വന്നാലും വിജയിക്കുക ഏറെ കടുപ്പമാണ്. നേമത്ത് മുരളീധരനെപ്പോലെയുള്ളവർ യു ഡി എഫ് സ്ഥാനാർത്ഥിയാവുന്നത് ബി ജെ പിക്ക് നേട്ടമുണ്ടാക്കാനേ ഉപകരിക്കൂ എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കരുത്തർ സ്ഥാനാർത്ഥിയാകുന്നതിലൂടെ ഇവി‌ടെ സി പി എമ്മിന് ലഭിക്കേണ്ട ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും അത് ബി ജെ പിയെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

നേമത്തുനിന്ന് മാറ്റുകയാണെങ്കിൽ കുമ്മനത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചേക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാൻ സാധിച്ചിരുന്നില്ല. നിലവിലെ എം എൽ എ വികെ പ്രശാന്ത് ഏറെ ജനകീയനായതിനാൽ മുൻവർഷങ്ങളെപ്പോലെ എളുപ്പത്തിൽ നേട്ടമുണ്ടാക്കാൻ ഇവിടെ ബി ജെ പിക്ക് കഴിയില്ല എന്നാണ് വിലയിരുത്തുന്നത്.