
തിരുനെല്ലി കാട്ടിൽ വെടിയേറ്റു മരിച്ച അടിയോരുടെ പെരുമൻ വർഗീസിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി അമ്പതുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ ഈയടുത്താണ് തീരുമാനിച്ചത്. വർഗീസിന്റെ ഓർമ്മകൾ ഇന്നും ഇരമ്പുന്ന തിരുനെല്ലിക്കാട്ടിലൂടെ, കുടുംബാംഗങ്ങളുടെ മനസിലൂടെ ഒരു യാത്ര...
അവനവന് വേണ്ടിയല്ലാതെ സമൂഹത്തിന്റെ വിപ്ലവകരമായ മുന്നേറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ ജീവത്യാഗം ചെയ്യേണ്ടി വരുന്നവർ രക്തസാക്ഷികളാണ്. മരണം ഒരു സാധാരണ സംഭവമാണ്. സാധാരണ മരണം പക്ഷിത്തൂവലിനെപ്പോലെ ലഘുവാണ്. എന്നാൽ സമൂഹത്തിന് വേണ്ടി മരിക്കുമ്പോൾ ജീവത്യാഗം ചെയ്യുമ്പോൾ അത് 'ടായ്" (ചൈന)പർവതത്തേക്കാൾ ഘനമുള്ളതാണ്.""- മാവോ സേതുങ്.
തിരുനെല്ലി, വീരേതിഹാസം രചിച്ച സമരങ്ങളുടെ ചരിത്രഭൂമികയാണ്. മണ്ണിൽ അദ്ധ്വാനിക്കുന്ന അടിസ്ഥാനവർഗത്തിന്റെ, വിയർപ്പുചാലുകൾ കരുത്തേകിയ മണ്ണ്. കളകളഗാനം പാടിയൊഴുകുന്ന കാളിന്ദിയും തലയെടുപ്പോടെ നിൽക്കുന്ന ബ്രഹ്മഗിരിയും എല്ലാത്തിനും മൂകസാക്ഷിയാണ്. കാതോർത്താൽ ഒരു വെടിയൊച്ച മുഴങ്ങുന്നുവോ എന്ന് തോന്നും. കാളിന്ദിയുടെ ഓരത്തുള്ള വിശാലമായ വയൽവരമ്പിലൂടെ അന്ന് ആ മനുഷ്യനെ കൈകൾ പുറകിൽ നിന്ന് കെട്ടിയ നിലയിൽ പിടിച്ച് കൊണ്ടുപോകുന്നത് കണ്ടവർ ഏറെയുണ്ട്. ആദിവാസികളായ ചമ്പരനും കരിമ്പനും ഗോണിയും ചോമൻ മൂപ്പനും മാത്രമല്ല, നാട്ടിലെ പൗരപ്രമുഖരായ പ്രഭാകരൻ നായരും അച്യുതവാര്യരും എല്ലാം അക്കൂട്ടത്തിൽപ്പെടും. മണിക്കൂറുകൾ അധികമായില്ല. പിന്നെ അങ്ങ് കൂമ്പാരക്കൂനയിൽ നിന്ന് കേട്ടത് ഒരു വെടിയൊച്ചയാണ്. അന്നും പറന്നു കുറെ പക്ഷികൾ ഭീതിയോടെ നാലു ദിക്കുകളിലേക്കും. അടിയോരുടെ പെരുമന്റെ ശ്വാസം നിലച്ച ദിവസം.1970 ഫെബ്രുവരി 18.

നക്സലൈറ്റ് നേതാവ് എ. വർഗീസ് രക്തസാക്ഷിയായിട്ട് അമ്പത്തിയൊന്ന് വർഷമായി. വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന് നിവേദനം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. തുടർന്ന് അവർ നൽകിയ നിവേദനം പരിശോധിച്ചാണ് സർക്കാർ നഷ്ടപരിഹാരം തീരുമാനിച്ചത്. ഈ തുക വർഗീസ് മുന്നോട്ടു വച്ച ആശയപൂർത്തീകരണത്തിനുതകുന്ന വിധത്തിൽ സ്മരണ നിലനിർത്താൻ വേണ്ടി ഉപയോഗപ്പെടുത്താനായുള്ള തീരുമാനത്തിലാണ് കൂടപ്പിറപ്പുകളായ അരീക്കാട്ട് എ. തോമസ്, എ. ജോസഫ്, എ. മറിയക്കുട്ടി, എ.ചിന്നമ്മ എന്നിവർ. പത്താം ക്ളാസിനുശേഷം വീടുവിട്ടുപോയ സഹോദരനെക്കുറിച്ചുള്ള മങ്ങിയ ഓർമ്മകൾ ഇപ്പോഴും ഇവരുടെ കൂടെയുണ്ട്. പുൽത്തൈല കൃഷിയാണ് അച്ഛൻ അരീക്കാട്ട് വർക്കിക്ക്. കുറെ തൊഴിലാളികൾ അന്ന് വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ ക്ഷേമം ചോദിച്ചറിയും. കൂലി നൽകുന്നതിൽ അച്ഛൻ പിശുക്ക് കാട്ടിയാൽ തന്നോട് പറയണമെന്ന് വർഗീസ് തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. 1968ൽ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ചുള്ള വാർത്ത പത്രത്തിൽ വായിച്ചപ്പോഴാണ് വർഗീസ് വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് വീട്ടുകാർ ആദ്യമായി അറിയുന്നത്. വർഗീസിന്റെ തുടർജീവിതം പലരും പങ്കുവച്ചതും പറഞ്ഞതുമായ ജീവിതത്തിന്റെ ബാക്കിയാണിവരുടെ മനസിലുള്ളത്. സർക്കാർ നൽകുന്ന തുക ഉപയോഗിച്ച് വർഗീസ് സ്മാരക ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ കൂടിയാലോചന നടത്തുന്നുണ്ട്. വർഗീസ് മുന്നോട്ട് വെച്ച അടിസ്ഥാനവിഭാഗത്തിന്റെ ഉന്നമനമെന്ന ലക്ഷ്യങ്ങളിലെത്താനും പഠനവിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിലായിരിക്കും തുക വിനിയോഗിക്കുകയെന്നും അവർ പറയുന്നു.

എനിക്ക് വെടി വച്ച് കൊല്ലേണ്ടി വന്നതാണ്
തിരുനെല്ലിയിലെ കാടിന്റെ മക്കൾക്ക് അത് മറക്കാനാവില്ല. അവരുടെ ഹൃദയതാളമാണ് ആ മരണത്തോടെ നിലച്ചത്. കാടിന്റെ മക്കൾക്ക് വേണ്ടി ജീവിതം ബലിയർപ്പിച്ച മനുഷ്യൻ. വർഗീസിനെക്കുറിച്ച് ചോദിക്കുമ്പോൾ തിരുനെല്ലിയിലെ ആദിവാസി മൂപ്പന്മാരും പെരുമാട്ടികളും ആവേശം കൊള്ളും. അത് ഒരു വികാരമാണ്. രക്തത്തിൽ അലിഞ്ഞ് ചേർന്ന വർഗവികാരം. പച്ചക്ക് ഒരു മനുഷ്യനെ കൈയും കണ്ണും കെട്ടി പിടിച്ച് കൊണ്ട് പോയി അതിക്രൂരമായി വെടി വച്ച് കൊന്നിട്ട് ഭരണകൂടം നുണ പ്രചരിപ്പിച്ചു. വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന്. നിറം പിടിപ്പിച്ച നുണയെന്ന് അന്നേ എഴുത്തും വായനയും അറിയാത്ത കാടിന്റെ മക്കൾ പറഞ്ഞു, പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. അവരുടെ ശബ്ദം തിരുനെല്ലിക്കാടിന് പുറത്തേക്ക് പോകാതിരിക്കാൻ ഭരണകൂടം ആവുന്നതൊക്കെ ചെയ്തു. സത്യം എത്രനാൾ മൂടിവയ്ക്കാൻ പറ്റും? വെടിവച്ച് കൊല്ലാൻ നിർബന്ധിക്കപ്പെട്ടവന് മനഃ സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റില്ലെന്ന് വന്നു. ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ. ഒടുവിൽ ഒന്ന് കിടന്നുറങ്ങാൻ വേണ്ടി ആ സത്യം സി.ആർ.പി.എഫ് കോൺസ്റ്റബിളായ രാമചന്ദ്രൻ നായർക്ക് വെളിപ്പെടുത്തേണ്ടി വന്നു. വർഗീസ് ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരുടെ നിർബന്ധ പ്രകാരം തനിക്ക് വെടി വച്ച് കൊല്ലേണ്ടി വന്നതാണ്.

ജീവിതം തേടി കുടിയേറ്റം
വയനാട് ജില്ലയിലെ വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ അരീക്കാട്ട് വർക്കിയുടെയും റോസയുടെയും ആറ് മക്കളിൽ രണ്ടാമനാണ് വർഗീസ്. എറണാകുളം ജില്ലയിലെ കിഴക്കെ വാഴക്കുളത്തിനടുത്ത ആവോലി ഗ്രാമത്തിലായിരുന്നു തറവാട്. ജീവിക്കാൻ വേണ്ടി 1948- 50ൽ വയനാട്ടിലേക്ക് കുടിയേറി. വർക്കിയുടെ സഹോദരിയുടെ ഭർത്താവ് എരമംഗലത്ത് ജോസഫ് വൈദ്യർ ഇവിടെ നേരത്തെ കുടിയേറിയിരുന്നു. വെള്ളമുണ്ടയിൽ ഇടത്തിൽ മൂപ്പിലൻ നായർ എന്ന ജന്മിയുടെ അറുപതേക്കർ ഭൂമി ഏക്കറിന് നൂറ് രൂപ മാനുഷം കൊടുത്തത് മാനുഷമില്ലാതെ എന്നു പറഞ്ഞ് മറുപാട്ട ചാർത്ത് പ്രകാരം ഏറ്റുവാങ്ങി. അങ്ങനെ ചെറ്റക്കുടിൽ കെട്ടി താമസം തുടങ്ങി. കുന്നും മലയും വെട്ടിത്തെളിച്ചു. തെരുവ കൃഷിയാണ് ആദ്യം ചെയ്തത്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാണ കാലം. വാഴക്കുളം സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വർഗീസ് വയനാട്ടിലേക്ക് വരുന്നത്. വെള്ളമുണ്ട എ. യു.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. ഏഴാം ക്ലാസിന് ശേഷം മാനന്തവാടിയിലെ ഗവ. ഹൈസ്കൂളിൽ എട്ടാം തരത്തിൽ ചേർന്നു. അവിടെ 1960ൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ യൂണിറ്റ് സ്ഥാപിച്ചു. പത്താം ക്ളാസ് കഴിഞ്ഞതോടെ പൂർണമായും കമ്മ്യൂണിസ്റ്റായി മാറി. വർഗീസിനെ കർഷകനോ വൈദികനോ ആയി കാണണമെന്നായിരുന്നു വീട്ടിലെ തീരുമാനം. എന്നാൽ ഇത് രണ്ടും വർഗീസ് സ്വീകരിച്ചില്ല. സർക്കാർ ജോലിക്ക് ശ്രമിക്കാൻ ഒടുവിൽ തീരുമാനമായി. അതിനായി ടൈപ്പ് റൈറ്റർ പഠിക്കാൻ തീരുമാനിച്ചു. മാനന്തവാടിയിലെ കമ്മ്യൂണിസ്റ്റുകാരൻ ഗോവിന്ദൻ മാസ്റ്റർ ഒരു കത്ത് നൽകി. അതുമായി വർഗീസ് കണ്ണൂരിലേക്ക്. അവിടെ പാർട്ടി ഓഫീസിൽ ചെന്നു. അവിടെയുള്ള ടൈപ്പ് റൈറ്ററിൽ കൊട്ടി പഠിച്ചു. പാർട്ടിയോഗങ്ങളിലെ മിനിട്സ് തയ്യാറാക്കൽ അവയുടെ കോപ്പിയെടുത്ത് താഴെ കമ്മിറ്റികൾക്ക് അയക്കലുമൊക്കയായി ജോലി. പാർട്ടി ഓഫീസിൽ വരുന്ന സംസ്ഥാന നേതാക്കൾക്ക് താമസസൗകര്യം ഒരുക്കുന്നതും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും വർഗീസായിരുന്നു. ഓഫീസ് സെക്രട്ടറി എന്ന നിലയിൽ ഏറെ തിളങ്ങി. അങ്ങനെ നല്ലൊരു കമ്മ്യൂണിസ്റ്റായി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം സി.പി.എമ്മിന്റെ മുഖ്യ പ്രവർത്തകനായി മാറി. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. രാഘവനാണ് വർഗീസിനെ മാനന്തവാടിയിലെ പാർട്ടി ഓഫീസിലേക്ക് അയക്കുന്നത്. ഇവിടെ എത്തിയ വർഗീസ് വീട്ടിലെത്തുകയോ കുടുംബവുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അവിടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. ആദിവാസികളെ അടിമപ്പണി ചെയ്യിപ്പിക്കുന്ന ജന്മിമാർക്കെതിരെയുളള സമരം ശ്രദ്ധയാകർഷിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയായിരുന്നു വർഗീസിന്റെ ജീവിതം. അടിസ്ഥാന വർഗത്തെ ചൂഷണം ചെയ്യുന്നത് സഹിച്ചിരുന്നില്ല. അധികം വൈകാതെ വർഗീസ് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ചേക്കേറി. വാസം തിരുനെല്ലി വനത്തിലും. ഇതിനിടെ നിരവധി ആക്ഷനുകളിൽ പങ്കെടുത്തു. ജന്മിയും പുരോഹിത ബ്രാഹ്മണനുമായ വാസുദേവ അഡിഗയും പലിശക്കാരൻ ചേക്കുവും കൊല്ലപ്പെട്ടു. തിരുനെല്ലി വനം പൊലീസ് വളഞ്ഞു. ഒടുവിൽ തിരുനെല്ലി വനത്തിലെ കൂമ്പാരക്കുനയിൽ ധീര രക്തസാക്ഷിയായി ആ ജീവിതം അസ്തമിച്ചു.

മിസ്റ്റർ മേനോൻ,നിങ്ങളുടെ തോൽബാഗ്
ചുമന്ന പയ്യനെയാണ് വെടി വച്ച് കൊന്നത്
കാട്ടിലൂടെയുളള അതികഠിനമായ യാത്ര. ഏറെ അവശയായ തന്നെ പലപ്പോഴും ആശ്വസിപ്പിക്കുകയും തനിക്ക് സംരക്ഷണവലയം തീർക്കാൻ മറ്റു മുതിർന്ന സഖാക്കളോടൊപ്പം വർഗീസ് തയ്യാറായെന്ന് കെ.അജിത ഓർക്കുന്നു. ''അന്ന് എനിക്ക് പത്തൊമ്പത് വയസ്. വിപ്ലവത്തിന്റെയും അടിമത്വ വ്യവസ്ഥക്കെതിരായ സന്ധിയില്ലാസമരത്തിന്റെയും നാളുകൾ. മുഴുവൻ സമൂഹത്തിലെയും നന്മയുടെയും പ്രതീകമായിരുന്നു സഖാവ് വർഗീസ്. ഇന്നും ആ നല്ല ഓർമ്മകൾ മനസിൽ തികട്ടുന്നു."" അജിത പറഞ്ഞു. 1970ൽ മാർച്ചിൽ കേരള നിയമസഭയിൽ നടന്ന ബഡ്ജറ്റ് സമ്മേളനം. സമ്മേളനം ആരംഭിച്ച ദിവസം തന്നെ വർഗീസ് കൊല്ലപ്പെട്ടത് സംബന്ധിച്ച് കെ.പി.ആർ. ഗോപാലൻ തുറന്നടിച്ചു. മുഖ്യമന്ത്രി സി. അച്യുതമേനോട് അദ്ദേഹം പറഞ്ഞു. ''മിസ്റ്റർ മേനോൻ, അഭിഭക്ത കമ്മ്യൂണിറ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ താങ്കൾ പലപ്പോഴായി കണ്ണൂരിൽ വന്നപ്പോഴൊക്കെ താങ്കളെ റെയിൽവെ സ്റ്റേഷനിൽ സ്വീകരിച്ചതും വീർത്ത താങ്കളുടെ തോൽബാഗ് വണ്ടിയിൽ നിന്നെടുത്ത് ചുമന്ന് നടന്നതുമായ ആ പയ്യനെയാണ് ആഭ്യന്തരവകുപ്പ് മന്ത്രിയായ സി. എച്ച്. മുഹമ്മദ് കോയ വെടി വെച്ച് കൊല്ലാൻ ഉത്തരവിട്ടത്...""
വയനാട്ടിൽ ആദിവാസികൾ ഉൾപ്പെടെയുളളവർക്ക് അക്കാലത്ത് കൂലി സമ്പ്രദായം ഇല്ലായിരുന്നു. വേലക്ക് നിശ്ചിത സമയവും. ജോലിക്കിടെ ഉച്ചക്ക് രണ്ട് സേർ നെല്ല് കൊടുക്കും. അത് കുടിയിൽ കൊണ്ട്പോയി കുത്തി അരിയാക്കി കഞ്ഞി വച്ച് കുടിക്കണം. വീണ്ടും ജോലിക്കിറങ്ങണം. നേരം ഇരുട്ടുംവരെ ജോലി. ജന്മിമാർ വള്ളിയൂർക്കാവ് ഉത്സവച്ചന്തയിൽ വച്ചാണ് ആദിവാസികളെ അടിമകളയായി ജോലിക്കെടുത്തിരുന്നത്. ആദിവാസി സ്ത്രീകൾക്ക് നാലുരൂപയും പുരുഷൻമാർക്ക് രണ്ടുരൂപയുമാണ് അന്നത്തെ അടിമ വില. അടുത്ത വർഷത്തെ ഉത്സവം വരെ ജന്മിമാർക്ക് ഇവർ കീഴ്പ്പെടണം. അഞ്ച് പൊതി നെല്ല് 'കുണ്ട"ലായി കൊടുത്ത് കൊണ്ട് ഒരു വർഷത്തെ എല്ലാ കണക്കുകളും തീർക്കും.കുണ്ടൽ വർദ്ധിപ്പിക്കുന്നതിനായി പല സ്ഥലങ്ങളിലും സമരം നടന്നു. ഇതാണ് വയനാട്ടിലെ ആദ്യത്തെ അവകാശ സമരവും. എ.കെ.ജി ഇടയ്ക്കിടെ വയനാട്ടിൽ വരും. വർഗീസിന് അതൊരു ആവേശമായിരുന്നു. ഈ സമയത്താണ് നക്സൽബാരി സമരം ഉയർന്ന് വരുന്നത്. സി.പി.എം മാനന്തവാടി മണ്ഡലം കമ്മറ്റി അംഗമായിരുന്നു വർഗീസ്. കണ്ണൂർ ജില്ലാ സി.പി.എം കമ്മിറ്റി മാനന്തവാടി കാട്ടിക്കുളത്ത് സംഘടിപ്പിച്ച വളണ്ടിയർ പരിശീലന ക്യാമ്പിൽ നിന്നാണ് ക്യാപ്റ്റനായ വർഗീസ് ഏതാനും സഖാക്കൾക്കൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ച് ഇറങ്ങിപ്പോകുന്നത്.

ഇരമ്പുന്ന ഓർമ്മകളുടെ ഫെബ്രുവരി
1938 ഫെബ്രുവരി 19നാണ് വർഗീസിന്റെ ജനനം, മരണം 1970 ഫെബ്രുവരി 18നും. 'നീ എന്നെ ഒറ്റു കൊടുത്തതല്ലേ നായരേ..." താൻ ഒളിവിൽ കഴിഞ്ഞ ശിവരാമൻ നായരുടെ വീട് പൊലീസ് വളഞ്ഞപ്പോൾ വീടിനകത്തു നിന്ന് വർഗീസ് പറഞ്ഞ വാക്കുകൾ. പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായരാണ് ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. മൂവാറ്റുപുഴക്കാരനായിരുന്നു ശിവരാമൻ നായർ. വർഗീസിനെ അകത്താക്കി വാതിൽ പുറത്ത് നിന്ന് പൂട്ടി ശിവരാമൻ നായർ പൊലീസിനെ അറിയിക്കുകയായിരുന്നു. നീട്ടിപ്പിടിച്ച തോക്കുകളുടെയും പിസ്റ്റളിന്റെയും നടുവിൽ മന്ദഹസിച്ചായിരുന്നു വർഗീസിന്റെ നിൽപ്പ്. കൈകൾ പിറകിൽ കൂട്ടിക്കെട്ടി യാത്ര തിരിച്ചപ്പോഴും ഇയാൾ വർഗീസാണോ എന്ന കാര്യം തീർച്ചയില്ലായിരുന്നുവെന്ന് രാമചന്ദ്രൻ നായർ പിന്നീട് പറഞ്ഞിട്ടുണ്ട്. വിപ്ലവകാരികൾ കൊല ചെയ്ത ചേക്കുവിന്റെ ഭാര്യയോട് ഇയാളെ അറിയുമോ എന്ന ചോദ്യത്തിന് വർഗീസ് ചേട്ടനല്ലേയെന്ന് പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. പിടികൂടിയ വർഗീസിനെയും കൊണ്ട് ജീപ്പിൽ മാനന്തവാടിക്ക് തിരിച്ചു. കാട്ടിക്കുളത്തെത്തിയപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വീണ്ടും തിരുനെല്ലിയിലേക്ക്. തോർത്ത് മുണ്ട് കൊണ്ട് വർഗീസിന്റെ കണ്ണ് കെട്ടി. ചോദ്യം ചെയ്യലിൽ ചേക്കുവിനെയും വാസുദേവ അഡിഗയെയും പുൽപ്പള്ളി, കുറ്റിയാടി തുടങ്ങി എല്ലാ നക്സൽ പ്രവർത്തനങ്ങളും വർഗീസ് സമ്മതിച്ചു. അന്നത്തെ തിരുനെല്ലി സി.ആർ.പി ക്യാമ്പിന്റെ ഇൻചാർജ്ജ് ആയിരുന്ന എൻ.വി. പീടികയിലിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. പിടികൂടിയ ദിവസം കള്ളത്തോക്ക് ഉപയോഗിച്ച് വർഗീസിനെ കൊല്ലാൻ ഡി.ഐ.ജി വിജയൻ നിർബന്ധിച്ചു. വഴങ്ങില്ലെന്ന് കണ്ടപ്പോൾ ഭീഷണിപ്പെടുത്തി. കൃത്യം 6.55ന് മേലുദ്യോഗസ്ഥന്റെ നിർബന്ധത്തിന് വഴങ്ങി ഇടത് നെഞ്ചിൽ നിറയൊഴിച്ചു. 'മാവോയിസ്റ്റ് ഐക്യം സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ..." എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ആ പ്രാണൻ പിരിഞ്ഞു പോയതെന്നുമായിരുന്നു പിന്നീട് രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തൽ.
(ലേഖകന്റെ നമ്പർ:9447204774)