
തിരുവനന്തപുരം: ജില്ലയിലെ പ്രധാനമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുമ്പോഴും മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ ഏകദേശ സാദ്ധ്യത പട്ടിക തയ്യാറായതായി വിവരം. സംസ്ഥാനത്ത് ബിജെപി വിജയിച്ച നേമം സീറ്റിൽ ശക്തനായ സ്ഥാനാർത്ഥിയായി കെ.മുരളീധരനെ കോൺഗ്രസ് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചെങ്കിലും മുരളീധരൻ ഇവിടെ മത്സരിക്കാനുളള സാദ്ധ്യത മങ്ങിയെന്ന് സൂചനയുണ്ട്. വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര മണ്ഡലങ്ങളിലും ആരാണ് സ്ഥാനാർത്ഥി എന്നതിനെ ചൊല്ലി ആശയക്കുഴപ്പമുണ്ട്.
അതേസമയം തിരുവനന്തപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലെ എം.എൽ.എ വി.എസ് ശിവകുമാറിന് വോട്ടഭ്യർത്ഥിച്ച് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അരുവിക്കരയിൽ കെ.എസ് ശബരീനാഥനും കോവളത്ത് എം.വിൻസന്റും തന്നെയാകും സ്ഥാനാർത്ഥികൾ. നെടുമങ്ങാട് മണ്ഡലത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം ഷെഫീറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതായാണ് സൂചന. മുൻ ജില്ലാ പഞ്ചായത്തംഗം അൻസജിതാ റസലിനെ പാറശാല, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. വാമനപുരത്ത് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനും വർക്കലയിൽ ഇലകമൺ പഞ്ചായത്ത് പ്രസിഡന്റായ ഷാലി ബാലകൃഷ്‌ണനെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടത്ത് ജെ.എസ് അഖിലിനെയും പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ എസ്.എസ് ലാലുമാണ് പട്ടികയിലുളളത്.