kadakampalli

തിരുവനന്തപുരം: എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ട ചിത്രം വ്യക്തമാകുന്നതിനിടെ ഇടതുമുന്നണി പ്രചാരണം ശക്തമാക്കി. ജില്ലയിലെ ഗ്ളാമർ മണ്ഡലങ്ങളിലൊന്നായ കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കടംകപള്ളി സുരേന്ദ്രനാണ് പ്രചാരണത്തിൽ മുന്നിലുള്ളത്. നേരത്തെ കൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായത് എൽ.ഡി.എഫിന് പ്രചാരണത്തിൽ മേൽക്കൈ നൽകുമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. സി.പി.എമ്മിന്റെ ഏഴു സിറ്റിംഗ് എം.എൽ.എമാർ മത്സരത്തിനുണ്ട്. അതേസമയം,​ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് മാത്രമെ പ്രഖ്യാപിക്കുകയുള്ളൂ. ഇതോടെ അവരും പ്രചാരണത്തിൽ സജീവമാകും. പിന്നാലെ എൻ.ഡി.എയും രംഗത്തിറങ്ങുന്നതോടെ പ്രചാരണം ചൂടുപിടിക്കും.

ജില്ലയിലെ 14 മണ്ഡലങ്ങളിൽ 10 സീറ്റിൽ സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ഒാരോ സീറ്റ് വീതം ജെ.ഡി.എസിനും ജനാധിപത്യ കേരളാ കോൺഗ്രസുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ 13 സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നാണ് സൂചന. ആറ്റിങ്ങൽ മണ്ഡലം ആർ.എസ്.പിക്ക് നൽകി. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയാണ് സ്ഥാനാർത്ഥികൾ പിന്തുടരുന്നത്. ഇതോടൊപ്പം പുതുതലമുറ വോട്ടർമാരെ ആകർഷിക്കാൻ വിദ്യാർത്ഥി കൺവെൻഷനുകൾ, കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദം എന്നിവയൊക്കെയും പ്രചാരണത്തിന്റെ ഭാഗമാക്കുന്നുണ്ട്.

ഇന്നലെ സ്ഥാനാർത്ഥികൾ എല്ലാവരും അവരവരുടെ മണ്ഡലങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് വോട്ട് അഭ്യർത്ഥിച്ചത്. കൺവെൻഷനുകൾ കൂടാതെ വിദ്യാർത്ഥി, യുവജന സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികൾ എന്നിവയിലും കൃത്യമായി പങ്കെടുക്കാൻ സ്ഥാനാർത്ഥികൾ ശ്രമിക്കുന്നുണ്ട്. മണ്ഡലത്തിലെ മുതിർന്നവരെയും സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളെയും നേരിട്ട് കാണാൻ സ്ഥാനാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി കൺവെൻഷനുകൾ വിളിച്ചു ചേർക്കുന്ന രീതിയാണ് പാർട്ടികളുടേത്. ഈ കൺവെൻഷനുകൾ എല്ലാം ഉദ്ഘാടനം ചെയ്യാനെത്തുന്നത് ജനങ്ങൾക്ക് പരിചിതരായ ജില്ലയിലെ മുതിർന്ന നേതാക്കളെ തന്നെയാണ്. കൊവിഡിന്റെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പരമാവധി ആൾക്കാരെ കൺവെൻഷനുകളിൽ എത്തിക്കുകയെന്നതാണ് പാർട്ടികളുടെ ലക്ഷ്യം.

 കുംഭ വെയിൽ അതികഠിനം
കുംഭ മാസത്തിലെ കത്തിക്കാളുന്ന വെയിൽ തങ്ങളെ ചെറുതായൊന്നുമല്ല വലയ്ക്കുന്നതെന്ന് സ്ഥാനാർത്ഥികൾ ഒരേസ്വരത്തിൽ പറയുന്നു. എങ്കിലും വോട്ടർമാരുടെ ചിരിച്ച മുഖം കാണുമ്പോൾ വേനൽച്ചൂട് ഒന്നുമല്ലാതാകുമെന്ന് അവർ സമ്മതിക്കുന്നു. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഉത്തമബോദ്ധ്യമുള്ളതിനാൽ ഇത്തവണ തങ്ങൾക്ക് അധികം വിയർക്കേണ്ടി വരില്ലെന്നാണ് സ്ഥാനാർത്ഥികളുടെ വിശ്വാസം. ഭരണകാലത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിന് ക്ഷമ പറയാനും സ്ഥാനാർത്ഥികൾ മടിക്കുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പോങ്ങുംമൂട് കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തനിക്ക് വിഷമം ഉണ്ടായെന്ന കടകംപള്ളിയുടെ പ്രസ്താവന വിശ്വാസികളെ കൂടെ നിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം കാണാൻ.

വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് യുവജന കൺവെൻഷനുകളിൽ പങ്കെടുക്കുന്നതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. പുതുതലമുറ വോട്ടർമാർ തിരഞ്ഞെടുപ്പിൽ പ്രധാന ഘടകമാണെന്നതിനാലാണിത്. തിരുവനന്തപുരം മേയറായിരിക്കെ ഉണ്ടാക്കിയെടുത്ത ഇമേജും എം.എൽ.എ എന്ന നിലയിൽ 20 മാസം നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള തുടർച്ചയുമാണ് പ്രശാന്ത് ലക്ഷ്യമിടുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലുമാണ് പ്രശാന്ത് വോട്ട് തേടുന്നത്. ഇന്നലെ അദ്ദേഹം ശിവരാത്രി ഉത്സവങ്ങളിൽ പങ്കെടുക്കാനും സമയം കണ്ടെത്തി.

കോവളത്തെ ഇടതു സ്ഥാനാർത്ഥി ബാലരാമപുരം,​ പൂവാർ,​ കരുങ്കുളം,​ പുല്ലുവിള,​ കാഞ്ഞിരംകുളം മേഖലകളിലാണ് പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജു കരിമഠം കോളനിയിൽ എത്തി വോട്ടർമാരെ നേരിട്ടു കണ്ടു. വർക്കലയിലെ സ്ഥാനാർത്ഥി വി. ജോയ് തീരപ്രദേശം കേന്ദ്രീകരിച്ചാണ് പ്രചാരണം നയിക്കുന്നത്. മത്സ്യത്തൊഴിലാളികളെ പരമാവധി നേരിട്ട് കണ്ടുള്ള പ്രചാരണമാണ് അദ്ദേഹത്തിന്റേത്.

ചിറയിൻകീഴിലെ സ്ഥാനാർത്ഥി വി. ശശി കായിക്കര ആശാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം അഞ്ചുതെങ്ങ് പഞ്ചായത്തിലാണ് പ്രചാരണം ആരംഭിച്ചത്. അരുവിക്കയിലെ സ്ഥാനാർത്ഥി ജി. സ്റ്റീഫൻ

കാട്ടാക്കട മാർക്കറ്റ്,​ പൂവച്ചൽ,​ ആര്യനാട്,​ ഉഴമലയ്ക്കൽ എന്നിവിടങ്ങളിലായിരുന്നു പ്രചാരണത്തിനിറങ്ങിയത്.

കാട്ടാക്കടയിലെ സ്ഥാനാർത്ഥി ഐ.ബി. സതീഷിന്റെയും പ്രചാരണം മാർക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു. ആറ്റിങ്ങലിലെ സ്ഥാനാർത്ഥി മാമത്തെ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം നടത്തിയത്.