field-obstrect

ആന്റിഗ്വ : വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിംഗിന് തടസം സൃഷ്ടിച്ചതിന്റെ പേരിൽ ശ്രീലങ്കൻ താരം ധനുഷ്‌ക ഗുണതിലക ഒൗട്ടാണെന്ന് അമ്പയർമാർ വിധിച്ചത് വിവാദമായി.

മത്സരത്തിന്റെ 22-ാം ഓവറിലായിരുന്നു സംഭവം. പൊള്ളാർഡിന്റെ പന്ത് പ്രതിരോധിച്ച ഗുണതിലകെയുടെ ബാറ്റിൽ തട്ടി പന്ത് ക്രീസിന് തൊട്ടുവെളിയിൽ വീണു. റണ്ണിനായി ഓടിയ നോണ്‍ സ്‌ട്രൈക്കറോട് വേണ്ടെന്ന് പറയുകയായിരുന്ന ഗുണതിലക ക്രീസിന് വെളിയിലായിരുന്നു. തിരിച്ച് ക്രീസിൽ കയറാനുള്ള ശ്രമത്തിനിടെ താരത്തിന്റെ കാലിൽ തട്ടിയ പന്ത് റണ്ണൗട്ടാക്കാനായി ഓടിയെത്തിയ പൊള്ളാഡിന് പിടിക്കാൻ സാധിക്കാതെ വന്നു.

ഉടൻ തന്നെ ഫീല്‍ഡ് തടസപ്പെടുത്തി എന്ന് ആരോപിച്ച് പൊള്ളാർഡ് അപ്പീൽ ചെയ്തു. ഓൺഫീൽഡ് അമ്പയർമാർ മൂന്നാം അമ്പയറോട് സംസാരിച്ച് ഗുണതിലക പുറത്തായതായി വിധിക്കുകയായിരുന്നു.

ഈ പുറത്താകലിനെപ്പറ്റി ക്രിക്കറ്റ് ലോകത്ത് രണ്ടഭിപ്രായം ഉയർന്നിട്ടുണ്ട്.. മൈക്കൽ വോൺ, ടോം മൂഡി, ഡാരൻ സമി എന്നിവർ അമ്പയർമാരുടെ തീരുമാനത്തിനെതിരേ രംഗത്തെത്തിയപ്പോൾ ഓസീസ് താരം ബ്രാഡ് ഹോഗ് അമ്പയർമാരുടെയും പൊള്ളാഡിന്റെയും തീരുമാനത്തോട് യോജിച്ചു.