charger

ലോക്ഡൗൺ കാലത്ത് വർക് ഫ്രം ഹോമും ഓൺലൈൻ ക്ളാസുകളും സജീവമായതോടെയാണ് വീടുകളിൽ ലാപ്ടോപ്പും മൊബൈൽ ഫോണും സജീവമായത്. രാവിലെ തൊട്ടുണർത്തുന്ന മൊബൈൽ ഫോൺ രാത്രി ഗുഡ്നൈറ്റ് പറയുന്നത് വരെ കൂടെയുണ്ടാകും. എന്നാൽ,​ ഇവ പ്രവർത്തിക്കണമെങ്കിൽ ചാർ‌ജ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇരിക്കുന്നിടത്തെല്ലാം ചാർജിംഗ് പോയിന്റ് വേണമെന്നാണ് സദാ സമയവും മൊബൈലുമായി കറങ്ങി നടക്കുന്നവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു വീടിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.

ഒരു വീട്ടിൽ 320 പ്ലഗ് സോക്കറ്റ് വച്ചാലോ ? കേൾക്കുമ്പോൾ വട്ടാണോ എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം. ഈസ്റ്റ്‌കോസ്റ്റിലെ ഒരു വീടിന്റെ അവസ്ഥയാണ് പറഞ്ഞുവന്നത്. എന്തിനാണ് ഈ വീട്ടിൽ ഇത്രയധികം ചാർജിംഗ് പോയിന്റുകൾ വച്ചിരിക്കുന്നത് എന്നതിന് ഇപ്പോഴും ആർക്കും തൃപ്തികരമായൊരു ഉത്തരം ഇല്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

രേഖകൾ പ്രകാരം ആൻഡ്രൂ പിയേഴ്സാണ്‌ ഈ വീടിന്റെ അവസാനത്തെ ഉടമ. അദ്ദേഹം ഈ വീട് മറ്റാർക്കോ വിൽപന നടത്തി കഴിഞ്ഞു. ഇംഗ്ലീഷ് തിരക്കഥാകൃത്ത് ടോബി ഡേവിസ് ഈ വീടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഈ വീടിനെ കുറിച്ച് ആളുകൾ കൂടുതൽ അന്വേഷിക്കാൻ തുടങ്ങിയത്. ഇവിടെ ഒരു മുറിയിൽ കുറഞ്ഞത്‌ 40 പ്ലഗ് പോയിന്റുകൾ എങ്കിലും കാണാൻ കഴിയും. ബാത്ത്‌റൂമിൽ വരെ ചാർജിംഗ് പോയിന്റുകൾ കാണാൻ കഴിയും. 13,​50,000 ഡോളറിനാണ് ഇപ്പോൾ ആൻഡ്രൂ ഈ വീട് വിറ്റിരിക്കുന്നത്. മൂവായിരം ചതുരശ്രയടിയിലാണ് അഞ്ചു മുറികളുള്ള ഈ വീടിന്റെ നിർമ്മാണം.