k-surendran

തിരുവനന്തപുരം: ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിനുവേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടംപള്ളി സുരേന്ദ്രൻ ഇപ്പോൾ ശബരിമലയുടെ പേരിൽ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പേടികൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും മാപ്പ് ലഭിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചെയ്ത കാര്യങ്ങൾക്കെല്ലാം ഓരോന്നോരോന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം. കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നത്. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകർക്കാനാണ് കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചത്. ക്ഷേത്രങ്ങൾ ഈ നിലയിൽ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടൽ കൊണ്ടാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ല'- സുരേന്ദ്രൻ പറഞ്ഞു.

വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎം മലക്കം മറിഞ്ഞു എന്നും വ്യക്തമാക്കി.