barcelona

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയും പുറത്ത്, മെസി പെനാൽറ്റി പാഴാക്കി

ആദ്യ പാദത്തിൽ 4-1ന് ബാഴ്സയെ തോൽപ്പിച്ചിരുന്ന പാരീസ് എസ്.ജി രണ്ടാം പാദത്തിൽ 1-1ന് സമനില വഴങ്ങി

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും കാഴ്ചക്കാർ മാത്രം. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോയുടെ യുവന്റസ് പ്രീ ക്വാർട്ടറിൽ യുവന്റസിനോട് എവേ ഗോളിന് തോറ്റ് പുറത്തായതിന് പിന്നാലെ മെസിയുടെ ബാഴ്സലോണ പാരീസ് എസ്.ജിയോട് രണ്ടാം പാദത്തിൽ സമനിലയിൽ പിരിഞ്ഞ് പുറത്തായി.

ആദ്യ പാദ പ്രീക്വാർട്ടറിൽ 4-1ന് ജയിച്ചിരുന്ന പി.എസ്.ജി രണ്ടാം പാദത്തിൽ 1-1ന് സമനില വഴങ്ങിയെങ്കിലും 5-2 എന്ന ആകെ ഗോൾമാർജിനിൽ അവസാന എട്ടിലേക്ക് എത്തുകയായിരുന്നു. 2017ലേതുപോലെ രണ്ടാം പാദത്തിൽ വലിയൊരു വിജയം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സലോണയ്ക്ക് എതിരെ 30-ാം മിനിട്ടിലെ പെനാൽറ്റിയിൽനിന്ന് കിലിയൻ എംബപ്പെ ഗോൾ നേടി പാരീസിനെ മുന്നിലെത്തിച്ചു.ഏഴുമിനിട്ടിനകം മെസി തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച പെനാൽറ്റി പാഴാക്കിയ മെസി വലിയ മാർജിൻ മറികടക്കാനുള്ള അവസരവും ആത്മവിശ്വാസവും നശിപ്പിച്ചു.മെസിയെടുത്ത കിക്ക് പാരീസ് ഗോളി കെയ്ലർ നവാസ് തട്ടിയകറ്റുകയായിരുന്നു.

2015ന് (മാഞ്ചസ്റ്റർ സിറ്റിക്കെതിരെ) ശേഷംആദ്യമായാണ് മെസി ചാമ്പ്യൻസ് ലീഗിൽ പെനാൽറ്റി പാഴാക്കുന്നത്.

2005ന് ശേഷം ആദ്യമായാണ് മെസിയോ ക്രിസ്റ്റ്യാനോയോ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടക്കുന്നത്

2017ൽ സംഭവിച്ചത്

2017ലും ബാഴ്സലോണയും പി.എസ്.ജിയും തമ്മിലായിരുന്നു പ്രീ ക്വാർട്ടർ ഫൈനൽ. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ പി.എസ്.ജി 4-0ത്തിന് ജയിച്ചു.എന്നാൽ രണ്ടാം പാദത്തിൽ ബാഴ്സ 6-1ന് തിരിച്ചടിച്ച് ക്വാർട്ടർ ഫൈനലിലെത്തി.

ലിവർപൂൾ ക്വാർട്ടറിൽ

ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെതിരെ രണ്ടാം പാദത്തിലും മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച് മുൻ ചാമ്പ്യൻമാരായ ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ലിവർപൂൾ രണ്ടുഗോളുകളും നേടിയത്. 70-ാം മിനിട്ടിൽ മുഹമ്മദ് സലായും 74-ാം മിനിട്ടിൽ സാഡിയോ മാനേയുമാണ് ഗോളുകൾ നേടിയത്.