
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കി. ഒറ്റഘട്ടമായി പട്ടിക പ്രഖ്യാപിക്കുമെന്നും താൻ ഇലക്ഷനിൽ മത്സരിക്കില്ലെന്നും മുല്ലപ്പളളി അറിയിച്ചു. നാളെ കേന്ദ്ര തിരഞ്ഞെടുപ്പിന് ശേഷം വൈകിട്ട് ആറോടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും വീണ എസ്.നായരെയും പരിഗണിക്കുന്നു. തൃപ്പൂണിത്തുറയിൽ മുൻമന്ത്രി കെ.ബാബുവിനെ തന്നെ സ്ഥാനാർത്ഥിയാക്കിയേക്കും. സാദ്ധ്യതാ പട്ടികയിൽ ബാബുവിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സതീശൻ പാച്ചേനി, കാഞ്ഞിരപ്പളളി ജോസഫ് വാഴയ്‌ക്കൻ, കോഴിക്കോട് നോർത്ത് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് എന്നിവരാണ് പരിഗണനയിലുളളത്. പ്രദേശിക പാർട്ടി വികാരം മറികടന്ന് ചലച്ചിത്രതാരം ധർമ്മജനെ ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.
വാമനപുരത്ത് ആനാട് ജയനും പാറശാലയിൽ അൻസജിത റസലും കഴക്കൂട്ടത്ത് ജെ.എസ് അഖിൽ, കാട്ടാക്കടയിൽ ആർ.വി രാജേഷ്, നെയ്യാറ്റിൻകര സനൽ, മലയിൻകീഴ് വേണുഗോപാൽ എന്നിവർ പരിഗണനയിലുണ്ട്. കെ.സി ജോസഫ് ഒഴികെ മിക്ക കോൺഗ്രസ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. കെ.മുരളീധരൻ ഉൾപ്പടെ എം.പിമാർ മത്സരിക്കണോ എന്ന കാര്യം നാളെയോടെ വ്യക്തമാകും.