
വാഷിംഗ്ടൺ: ഈ വർഷത്തെ ഓസ്കർ നാമനിർദ്ദേശ പട്ടിക ബോളിവുഡ് - ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഗായകനും നടനുമായ ഭർത്താവ് നിക്ക് ജോനാസും ചേർന്ന് 15ന് പുറത്തുവിടും.
പ്രിയങ്ക തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ഹേ അക്കാദമി, ഓസ്‌കർ നാമനിർദ്ദേശം ഞാൻ തനിയെ പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. നിക്ക് ജോനാസ്, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു . ഓസ്‌കർ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ഏറെ ആവേശത്തിലാണ് - പ്രിയങ്ക കുറിച്ചു. 366 ചിത്രങ്ങളാണ് 93ാമത് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യയും മലയാളിയായ അപർണ ബാലമുരളിയും നായികനായകന്മാരായി അഭിനയിച്ച്, സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രമായ സൂരറൈ പോട്ര്, ഫുട്ബാൾ താരം ഐ.എം.വിജയൻ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിൻ ) എന്നിവ പട്ടികയിൽ ഇടംനേടി. ഗോത്രഭാഷയായ കുറുമ്പയിൽ ഇറങ്ങിയ ചിത്രം, സംവിധാനം ചെയ്തത് വിജേഷ് മണിയാണ്.