
ബീജിംഗ്: ചൈനീസ് സർക്കാർ ഉയിഘൂർ വംശജർക്കെതിരെ നടത്തുന്ന ക്രൂരതകൾ വെളിപ്പെടുത്തി അമേരിക്കൻ വിദഗ്ദ്ധ സംഘം. ചൈനീസ് സർക്കാർ ഉയിഘൂർ മുസ്ലിം വംശജരെ വംശഹത്യയ്ക്ക് ഇരയാക്കിയതായി വിദഗ്ദ്ധ സംഘത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ തിങ്ക് ടാങ്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വംശഹത്യ നടപ്പാക്കിയത്.ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങളൊന്നും തന്നെ ഉയിഘൂർ വിഷയത്തിൽ ചൈന പാലിച്ചില്ല. സിൻജിയാംഗ് പ്രവിശ്യയിലുള്ള ഉയിഘൂറുകളെ ചൈന നിരന്തരം വേട്ടയാടി. 2014ൽ 'ഭീകരതക്കെതിരായ ജനങ്ങളുടെ യുദ്ധം' എന്നുപേരിട്ട് പ്രസിഡന്റ് ഷി ജിൻ പിംഗ്, സിൻജിയാംഗിൽ ആരംഭമിട്ട അക്രമങ്ങളുടെ ലക്ഷ്യം മുസ്ലിം വംശഹത്യയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കൂട്ടത്തോടെ തടവിലിടൽ, നേതാക്കളെ കൊലപ്പെടുത്തൽ, നിർബന്ധിത വന്ധ്യംകരണം, കുട്ടികളെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തൽ, തുർക്കി മുസ്ലിം സംഘത്തിന്റെ സ്വത്വം നശിപ്പിക്കൽ, പള്ളികൾ തകർക്കൽ എന്നിവ വംശഹത്യയുടെ ഭാഗമായി അരങ്ങേറി. ആയിരക്കണക്കിന് മുസ്ലിങ്ങളെയാണ് ചൈനീസ് കൊന്നൊടുക്കിയത്. കൂട്ടത്തോടെ തടവിലാക്കിയതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ടു. കശ്ഗർ നഗരത്തിൽ 18 അനാഥാലയങ്ങൾ നിർമിച്ച് കുട്ടികളെ കുടുംബങ്ങളിൽ നിന്നകറ്റി അവിടെ പാർപ്പിച്ചു.ക്യാമ്പുകൾക്കകത്തും പുറത്തും സ്ത്രീകൾ വ്യാപകമായി ബലാത്സംഗത്തിന് ഇരയായി. 2019ൽ മാത്രം സിൻജിയാങ്ങിൽ 80 ശതമാനം വന്ധ്യംകരണം നടപ്പാക്കാനായിരുന്നു ചൈനയുടെ പദ്ധതി. 2015-18 കാലയളവിൽ ജനസംഖ്യ വളർച്ചനിരക്ക് പ്രദേശത്ത് 84 ശതമാനം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കാൻസർ ഉന്മൂലനം ചെയ്യുക, അവരെ പൂർണമായും തുടച്ചുനീക്കുക, അവരുടെ വേരും ശാഖയും നശിപ്പിക്കുക, ഒരു കരുണയും വേണ്ട' എന്ന് ഉയിഘൂറുകളെക്കുറിച്ച് ചൈനീസ് സർക്കാർ എഴുതിയ ഉത്തരവിനെക്കുറിച്ചും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, കാനഡ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ ചൈനീസ് സർക്കാർ നടത്തുന്നത് വംശഹത്യയാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വംശഹത്യക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
സിൻജിയാംഗിലെ ഭീകര പരിശീലന കേന്ദ്രങ്ങളാണ് ഞങ്ങൾ ആക്രമിച്ചത്. അവിടെ വംശഹത്യയോ മതപരമായ അടിച്ചമർത്തലോ നടന്നിട്ടില്ല- ചൈന