
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
അഞ്ച് മത്സരങ്ങളും നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ
അഹമ്മദാബാദ് : ട്വന്റി-20കളുടെ വേഗത്തിൽ തീർന്ന ടെസ്റ്റ് പരമ്പരയിലെ വിജയ ലഹരിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിനെതിരായ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനിറങ്ങുന്നു. അഞ്ച് ട്വന്റി-20കളുടെ പരമ്പരയ്ക്കാണ് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇതേ വേദിയിലാണ് നടക്കുന്നത്.
ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കുന്നതിനാൽ ഇരു ടീമുകൾക്കും ഈ പരമ്പര നിർണായകമാണ് . ലോകകപ്പ് മുൻ നിറുത്തി യുവതാരങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ ടീം കോമ്പിനേഷൻസ് പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക്.ഇന്ത്യൻ സാഹചര്യങ്ങളോട് ഇണങ്ങാനാണ് ഇംഗ്ളണ്ട് പരമ്പര പ്രയോജനപ്പടുത്തുക. ഐ.സി.സി. ട്വന്റി-20 ടീം റാങ്കിംഗിൽ ഒന്നാമന്മാരാണ് ഇംഗ്ളണ്ട്.ഇന്ത്യ രണ്ടാം സ്ഥാനക്കാരും.
കൊവിഡ് സാഹചര്യം പരിഗണിച്ച് വലിപ്പം വർദ്ധിപ്പിച്ച സ്ക്വാഡിൽനിന്ന് എത്ര യുവതാരങ്ങളെ ഇന്ത്യ കളിപ്പിക്കുമെന്നാണ് അറിയേണ്ടത്. ദീർഘനാളായി മികച്ച പ്രകടനം നടത്തിയിട്ടും ഒഴിവാക്കപ്പെട്ടിരുന്ന സൂര്യകുമാർ യാദവ്, കഴിഞ്ഞ ഐ.പി.എല്ലിലെ വെടിക്കെട്ട് വീരൻ രാഹുൽ തെവാത്തിയ,റിസർവ് വിക്കറ്റ് കീപ്പറായി എടുത്ത ഇശാൻ കിഷൻ എന്നിവരാണ് അരങ്ങേറ്റം കൊതിക്കുന്നത്.പരിക്കിന്റെ ദീർഘ ഇടവേള കഴിഞ്ഞെത്തുന്ന പേസർ ഭുവനേശ്വർ കുമാറും വിരാട് നയിക്കുന്ന ഇന്ത്യൻ ടീമിലുണ്ട്.
രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗ് ഓപ്പണിംഗ് ചെയ്യുന്നത് കെ.എൽ രാഹുലായിരിക്കുമെന്ന് നായകൻ കൊഹ്‌ലി അറിയിച്ചിട്ടുണ്ട്. ശ്രേയസ് അയ്യരെ മാറ്റി സൂര്യകുമാറിന് മദ്ധ്യനിരയിൽ അവസരം നൽകിയേക്കും.ഹാർദിക്ക് പാണ്ഡ്യ, റിഷഭ് പന്ത്,കൊഹ്‌ലി എന്നിവരും ബാറ്റിംഗിന് ശക്തിപകരാനുണ്ട്.
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഇല്ലാത്തതിനാൽ മുഖ്യ പേസറായി ഭുവനേശ്വർ കളിച്ചേക്കും.രണ്ടാം പേസറായി ശാർദൂൽ താക്കൂർ, ദീപക് ചഹർ എന്നിവരാണ് അവസരം കാത്തിരിക്കുന്നത്. പേസർ ടി.നടരാജൻ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ ടീമിനൊപ്പമെത്തിയിട്ടില്ല. സ്പിന്നറായി പരിഗണിക്കാൻ യുസ്‌വേന്ദ്ര ചഹൽ,വാഷിംഗ്ടൺ സുന്ദർ,അക്ഷർ പട്ടേൽ എന്നിവരുടെ പാനലാണുള്ളത്.
ഇയോൻ മോർഗനാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ കളിച്ച ബെൻ സ്റ്റോക്സ്,ജൊഫ്ര ആർച്ചർ,മാെയീൻ അലി,ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ തുടങ്ങിയവർ ട്വന്റി-20 സംഘത്തിലുമുണ്ട്. ഈ ഫോർമാറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ ഡേവിഡ് മലാനാണ് ഇംഗ്ളീഷ് നിരയിലെ ശക്തികേന്ദ്രം. ജാസൺ റോയ്, ക്രിസ് യോർദാൻ,ആദിൽ റഷീദ് തുടങ്ങിയ പരിചയ സമ്പന്നരും സന്ദർശകർക്ക് വീര്യമേകും.
ട്വന്റി-20 പരമ്പര ഫിക്സ്ചർ
1. മാർച്ച് 12 വെള്ളി
2.മാർച്ച് 14 ഞായർ
3.മാർച്ച് 16 ചൊവ്വ
4.മാർച്ച് 18 വ്യാഴം
5.മാർച്ച് 20 ശനി
ടി വി ലൈവ് : വൈകിട്ട് ഏഴുമുതൽ സ്റ്റാർ സ്പോർട്സിൽ
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ
വിരാട് കൊഹ്‌ലി (ക്യാപ്ടൻ),രോഹിത് ശർമ്മ, കെ.എൽ രാഹുൽ,ശിഖർ ധവാൻ,ശ്രേയസ് അയ്യർ,സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ,യുസ്‌വേന്ദ്ര ചഹൽ,ഭുവനേശ്വർ കുമാർ,അക്ഷർ പട്ടേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദൂൽ താക്കൂർ,നവ്ദീപ് സെയ്നി,ദീപക് ചഹർ,രാഹുൽ തെവാത്തിയ,ഇശാൻ കിഷൻ (റിസർവ് കീപ്പർ).
ഇംഗ്ളണ്ട്
ഇയോൻ മോർഗൻ (ക്യാപ്ടൻ),ജോസ് ബട്ട്ലർ,ജാസൺ റോയ്., ലിവിംഗ്സ്റ്റൺ,ഡേവിഡ് മലാൻ,ബെൻ സ്റ്റോക്സ്,മൊയീൻ അലി, ആദിൽ റഷീദ്,റീസ് ടോപ്ളേ,ക്രിസ് യോർദാൻ,മാർക്ക് വുഡ്,സാം കറൻ,ടോം കറൻ,സാം ബില്ലിംഗ്സ്,ബെയർസ്റ്റോ,ആർച്ചർ