china-hong-kong-issue

ബീജിംഗ്​: സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിന് മേൽ പിടിമുറുക്കി ചൈന. ചൈനീസ്​ ഭരണകൂടത്തിന്റെ നയങ്ങൾ നടപ്പാക്കാനായി ചുമതലപ്പെടുത്തിയ ഹോങ്കോംഗ്​ പാർലമെന്ററി സമിതി പുതുതായി നടപ്പാക്കുന്ന നിയമങ്ങളാണ് ഹോങ്കോംഗ് ജനതയ്ക്ക് ഭീഷണിയാകുന്നത്. ഭരണകക്ഷിയായ നാഷനൽ പീപിൾസ്​ കോൺഗ്രസിന്റെ വാർഷിക യോഗമാണ്​ പുതിയ നിയമങ്ങൾക്ക്​ അംഗീകാരം നൽകിയത്​.സ്വാതന്ത്ര്യവും സ്വയംഭരണവും ആവശ്യപ്പെട്ട് ചൈനയ്ക്കെതിരെ ഹോംങ്കോംഗിൽ ജനത ജനകീയ പ്രതിഷേധം ശക്തമാണ്. പുതിയ നിയമപ്രകാരം, ഹോങ്കോംഗ് ഭരണഘടന പൊളിച്ചെഴുതും. രാജ്യത്തിന്റെ അടിസ്ഥാന നിയമം, തിരഞ്ഞെടുപ്പ്​ സംവിധാനം എന്നിവയിലും മാറ്റങ്ങൾ വരും. ഹോങ്കോംഗ് നിയമസഭയിൽ സീറ്റുകളുടെ എണ്ണം 70ൽനിന്ന്​ 90 ആയി ഉയരും. നിലവിൽ 35 അംഗങ്ങൾ​ ജനം തിരഞ്ഞെടുക്കുന്നതും 35 പേരെ ചൈന നേരിട്ട്​ നാമനിർദ്ദേശം ചെയ്യുന്നവരുമാണ്​. പുതിയ നിയമപ്രകാരം വരുന്ന 20 അംഗങ്ങൾ ജനം തിരഞ്ഞെടുക്കുന്നതോ അതോ ചൈനീസ്​ പ്രതിനിധികളോ എന്നു വ്യക്​തമല്ല. ജനപ്രതിനിധിയാകാൻ മത്സരിക്കും മുമ്പ്​ അവരുടെ 'ദേശസ്​നേഹം' പരിശോധിക്കാൻ പ്രത്യേക പാനൽ നിലവിൽ വരും. ചൈനീസ്​ അനുകൂല വ്യക്​തികൾ അടങ്ങിയതാകും ഈ പാനൽ. ചൈനവിരുദ്ധ നേതാക്കൾക്ക്​ ഭരണ പങ്കാളിത്തം ലഭിക്കില്ല. ഹോങ്കോംഗിന്റെ സമ്പൂർണ നിയന്ത്രണം കൈക്കലാക്കാനാണ് ചൈനയുടെ ലക്ഷ്യമെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ഹോങ്കോംഗിൽ ജനാധിപത്യ സംവാദങ്ങൾക്ക്​ അവസാന ഇടവും ഇല്ലാതാക്കുകയാണ്​ ചൈനയെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ മന്ത്രി ഡൊമിനിക്​ റാബ്​ കുറ്റപ്പെടുത്തി.