
മലപ്പുറം: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്ന് തിരികെ നാട്ടിലെത്തിയ പി.വി അൻവർ എം.എൽ.എയ്‌ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമെന്ന് പരാതി. കെ.എസ്.യുവാണ് എം.എൽ.എയ്‌ക്കെതിരെ ആരോഗ്യമന്ത്രിയ്‌ക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരിക്കുന്നത്. എയർപോർട്ടിൽ വന്നിറങ്ങിയ എം.എൽ.എ ക്വാറന്റൈനിൽ പോകാതെ ജനമദ്ധ്യത്തിലിറങ്ങുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്‌തു എന്ന് പരാതിയിൽ പറയുന്നു. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുത്തൂരാണ് പരാതിക്കാരൻ.
എം.എൽ.എയ്‌ക്കെതിരെ കേസെടുക്കണമെന്നും അൻവറിനെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. എം.എൽ.എയെ സ്വീകരിക്കാൻ നൂറ്കണക്കിന് ഇടത്പക്ഷ പ്രവർത്തകരാണ് ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.