
ന്യൂഡൽഹി: വാഹന നിർമാണക്കമ്പനിയായ വോൾസ് വാഗണിൽ നിന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സ്വീഡിഷ് മാദ്ധ്യമം. ഇന്ത്യയിൽ അനുമതി നേടിയെടുക്കുന്നതിനായി കമ്പനി മന്ത്രിക്ക് ആഡംബര സ്‌കാനിയ ബസ് സമ്മാനമായി നൽകിയതായി സ്വീഡിഷ് ചാനൽ എസ്‌വിടിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോൾക്സ് വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് സ്‌കാനിയ.
2016 അവസാനത്തോടെ ഇന്ത്യൻ ഗതാഗത മന്ത്രിക്ക് സ്‌കാനിയ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ബസ് കൈമാറിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗഡ്‌കരിയുടെ മകനുമായി ബന്ധമുള്ള ഒരു കമ്പനിക്ക് ബസ് വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ മകളുടെ വിവാഹത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് നൽകിയതെന്നും പറയുന്നു.
ബസിന് ലഭ്യമായ ധനസഹായത്തെക്കുറിച്ചും ഉടമസ്ഥാവകാശത്തെക്കുറിച്ചും ഇതുവരെയും വ്യക്തത വന്നിട്ടില്ല. ബസ് എവിടെയാണെന്നും ഉടമ ആരാണെന്നും വ്യക്തമാക്കാൻ സ്‌കാനിയയ്ക്ക് കഴിയുന്നില്ലെന്നും എസ്‌വിടിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആരോപണങ്ങൾ ഗഡ്‌കരിയുടെ ഓഫീസ് നിഷേധിച്ചു. ആരോപണം കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമാണ്. വാഹനത്തിന്റെ വാങ്ങലും വിൽപ്പനയുമായി മന്ത്രിക്കും കുടുംബാംഗങ്ങൾക്കും ഒരുബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തികളുമായോ അവർക്ക് യാതൊരു ബന്ധവുമില്ലെന്നും ഓഫീസ് വ്യക്തമാക്കി.