
തിരുവനന്തപുരം : ഇന്ന് മൊട്ടേറയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ -ഇംഗ്ളണ്ട് ആദ്യ ട്വന്റി-20 മത്സരം ഓൺ ഫീൽഡ് അമ്പയറായി നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ് മുൻ കേരള രഞ്ജി ടീം ക്യാപ്ടൻ കെ.എൻ അനന്തപദ്മനാഭൻ.ഐ.സി.സി പാനലിൽ ഇടം പിടിച്ച ഏക മലയാളി അമ്പയറായ അനന്തപദ്മനാഭൻ നേരത്തേ അന്താരാഷ്ട്ര മത്സരങ്ങളിൽ റിസർവ് അമ്പയറായിട്ടുണ്ട്് . ഇന്ത്യ -ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലും അമ്പയറിംഗ് പാനലിലുണ്ടായിരുന്നു.
ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നിരവധി മത്സരങ്ങൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമായാണ് അനന്തപദ്മനാഭൻ ഐ.സി.സി പാനലിലെത്തിയത്. അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ മലയാളിയാവാൻ ഒരുങ്ങുകയാണ് തിരുവനന്തപുരത്തുകാനായ ഈ മുൻ കേരള ക്യാപ്ടൻ. ജോസ് കുരിശിങ്കൽ,ദണ്ഡപാണി,കെ.എൻ രാഘവൻ എന്നിവരാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച മലയാളികൾ.
105 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 2891 റൺസും 344 വിക്കറ്റുകളും നേടിയിട്ടുള്ള കെ.എൻ അനന്തപദ്മനാഭൻ 2008ലാണ് അമ്പയറിംഗ് കരിയറിലേക്ക് തിരിഞ്ഞത്.