gold

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കല്യാൺ ജുവലേഴ്‌സിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) 16ന് തുടക്കമാകും. 18 വരെ നീളുന്ന ഐ.പി.ഒയിലൂടെ 1,175 കോടി രൂപ സമാഹരിച്ച് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ് ലക്ഷ്യം. ഓഹരിയൊന്നിന് 86-87 രൂപ നിരക്കിലാണ് വില്പന. കുറഞ്ഞത് 172 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. അതായത് 14,792 രൂപ മുതൽ 14,964 രൂപവരെയാണ് നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക.

വിറ്റഴിക്കുന്നതിൽ 800 കോടി രൂപയുടേത് 9.19 കോടി പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) 375 കോടി രൂപയുടെ 4.31 കോടി ഓഹരികൾ ഓഫർ-ഫോർ-സെയിലുമാണ്. ഓഫർ-ഫോർ-സെയിലിലുള്ള 125 കോടി രൂപയുടെ ഓഹരികൾ കല്യാൺ ജുവലേഴ്‌സ് സ്ഥാപകനും ചെയർമാനുമായ ടി.എസ്. കല്യാണരാമന്റേതാണ്; 250 കോടി രൂപ കല്യാൺ ജുവലേഴ്‌സിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള വാർബ‌ർഗ് പിൻകസിന്റെ നിക്ഷേപകവിഭാഗമായ ഹൈഡെൽ ഇൻവെസ്‌റ്റ്‌മെന്റ്‌സിന്റെയും. കല്യാൺ ജുവലേഴ്‌സിന് 8,961.5 കോടി രൂപ മൂല്യം വിലയിരുത്തി 13.1 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്.

രണ്ടുകോടി രൂപയുടെ ഓഹരികൾ ജീവനക്കാർക്കായി മാറ്റിവച്ചിരിക്കുന്നു. 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപകർക്കും (ക്യൂ.ഐ.ബി) 35 ശതമാനം റീട്ടെയിൽ നിക്ഷേപർക്കും 15 ശതമാനം മറ്റുള്ളവർക്കുമാണ് (നോൺ-ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകർ).

കല്യാണിന്റെ കുതിപ്പ്

1993ൽ തൃശൂരിൽ ഒറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജുവലേഴ്‌സിന് ഇന്ന് ഇന്ത്യയിലും ഗൾഫിലെ നാലു രാജ്യങ്ങളിലുമായി 137 ഷോറൂമുകളുണ്ട്. റീട്ടെയിൽ ബിസിനസ് രംഗത്ത് 45 വർഷത്തെയും സ്വർണാഭരണ രംഗത്ത് 25 വർഷത്തെയും പരിചയസമ്പത്തുള്ള ടി.എസ്. കല്യാണരാമനാണ് സ്ഥാപകൻ.

ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളും വിദേശത്ത് 30 ഷോറൂമുകളും പ്രവർ‌ത്തിക്കുന്നു. സാധാരണക്കാർക്കും സ്വർണാഭരണങ്ങൾ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട 'മൈ കല്യാൺ" സ്‌റ്റോറുകളുടെ എണ്ണം 761.

വരുമാനവും ലാഭവും

2019-20ൽ കല്യാൺ ജുവലേഴ്‌സിന്റെ വരുമാനം 10,100.92 കോടി രൂപയായിരുന്നു. ഇതിൽ 78.19 ശതമാനം ഇന്ത്യയിൽ നിന്നും 21.81 ശതമാനം വിദേശത്തു നിന്നുമാണ്. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ വരുമാനം 5,550 കോടി രൂപയാണ്; ഇതിൽ 86.21 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 2019-20ൽ 145 കോടി രൂപയായിരുന്നു അറ്റലാഭം. 2018-19നേക്കാൾ 487 ശതമാനമാണ് വർദ്ധന.

8 വർഷം

എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണാഭരണ വില്പനരംഗത്തു നിന്നൊരു കമ്പനി ഐ.പി.ഒ നടത്തുന്നത്. 2012ൽ പി.സി. ജുവലേഴ്‌സ് ഐ.പി.ഒയിലൂടെ 600 കോടി രൂപ സമാഹരിച്ച് ഓഹരി വിപണിയിലേക്ക് കടന്നിരുന്നു.

വാർബർഗ് പിൻകസ്

കല്യാൺ ജുവലേഴ്‌സിൽ 24 ശതമാനം ഓഹരി പങ്കാളിത്തമാണ് വാർബർഗ് പിൻകസിനുള്ളത്. 1,700 കോടി രൂപയാണ് മൊത്തം നിക്ഷേപം. 1,200 കോടി രൂപ 2014ലും 500 കോടി രൂപ 2017ലും നിക്ഷേപിച്ചു. ഇന്ത്യൻ ജുവലറി രംഗത്തെ ഒരു കമ്പനി നേടുന്ന ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപമായിരുന്നു 2014ലിലേത്.