prithwi-sha

പൃഥ്വി ഷായ്ക്ക് വിജയ് ഹസാരെ ട്രോഫിയിലെ നാലാം സെഞ്ച്വറി(165)

കർണാടകത്തെ തോൽപ്പിച്ച് മുംബയ് ഫൈനലിൽ

ന്യൂഡൽഹി : ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം കത്തുന്ന ഫോമിൽ തുടരുന്ന ഓപ്പണർ പൃഥ്വി ഷാ ടൂർണമെന്റിലെ തന്റെ നാലാം സെഞ്ച്വറിയും നേടി മുംബയ്‌യെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെത്തിച്ചു. ഇന്നലെ കർണാടകയ്ക്ക് എതിരെ 165 റൺസടിച്ച ഷായുടെ മികവിൽ മുംബയ് 72 റൺസിന്റെ വിജയമാണ് നേടിയത്.

ആദ്യം ബാറ്റുചെയ്ത മുംബയ് നിശ്ചിത 50 ഓവറിൽ 322 റൺസടിച്ചപ്പോൾ കർണാടക 250 റൺസിന് ആൾഔട്ടായി.ഷായുടെ ഒറ്റയാൻ പോരാട്ടമാണ് മുംബയ് ഇന്നിംഗ്സിൽ കണ്ടത്. 122 പന്തുകൾ നേരിട്ട ഷാ 17 ഫോറുകളും 7 സിക്സുകളും പറത്തി. നേരത്തേ ഡൽഹി(105), പുതുച്ചേരി (227*), സൗരാഷ്ട്ര (185*) എന്നിവർക്കെതിരെയും ഷാ സെഞ്ച്വറികൾ നേടിയിരുന്നു. കർണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലും വിജയ് ഹസാരെ ട്രോഫിയിൽ നാലുസെഞ്ച്വറികൾ നേടിയിരുന്നു.ഇന്നലെ ദേവ്‌ദത്ത് 64 റൺസിന് പുറത്തായതാണ് കർണാടകയ്ക്ക് തിരിച്ചടിയായത്.

ഫൈനലിൽ ഉത്തർപ്രദേശാണ് മുംബയ്‌യുടെ എതിരാളികൾ. ഇന്നലെ നടന്ന മറ്റൊരുസെമിയിൽ ഗുജറാത്തിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് യു.പി ഫൈനലിന് ടിക്കറ്റെടുത്തത്.