ips-rape-attempt

ചെന്നൈ: തമിഴ്നാട് പൊലീസിലെ മുൻ സ്പെഷ്യൽ ഡി.ജി.പി രാജേഷ് ദാസ് വനിതാ ഐ.പി.എസ് ഓഫീസറെ ഔദ്യോഗിക കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ, പരാതി മൂടി വയ്ക്കാൻ കഠിന പരിശ്രമം നടത്തിയ ചെങ്കൽപേട്ട് എസ്.പിയും രണ്ടാം പ്രതിയുമായ ഡി. കണ്ണനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്തു.

ഡി.ജി.പിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടു നിന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് എസ്.പിയെ മാറ്റി നിറുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചീഫ് സെക്രട്ടറിയോട് രേഖാമൂലം നിർദ്ദേശിച്ചു. കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് ഇടപെടൽ.

മുഖ്യമന്ത്രിയുടെ ജില്ലാതല പര്യടനത്തിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്‌പെഷ്യൽ ഡി.ജി.പി രാജേഷ് ദാസ് വനിതാ ഐ.പി.എസ് ഓഫീസറെ കാറിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്നാണ് കേസ് .ഇതോടെ വനിതാ ഐ.പി.എസ് ഓഫിസർ പെട്ടെന്നു തന്നെ കാർ വിട്ടു പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ നാടകീയമായ പല സംഭവങ്ങളും അരങ്ങേറി.

ഡി.ജി.പിക്കെതിരെ പരാതി നൽകാൻ പോകുന്നതിനിടെ എസ്.പിയുടെ നേതൃത്വത്തിൽ 150ഓളം പൊലീസുകാരെത്തി വഴി തടയാൻ ശ്രമം നടത്തിയതായും പരാതിക്കാരിയുടെ ഔദ്യോഗിക കാറിന്റെ താങ്കോൽ ബലമായി പിടിച്ചെടുത്തു കൊണ്ടുപോയെന്നും ഡ്രൈവറെയും ഗൺമാനെയും ഭീഷണിപ്പെടുത്തി കാറിൽനിന്നു വലിച്ചിറക്കിയെന്നും ഉദ്യോഗസ്ഥ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതി കിട്ടിയ ഉടൻ ഡി.ജിപി. രാജേഷ് ദാസിനെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയായ കണ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുത്തത്. വൈകാതെ പെരുമാറ്റചട്ടം നിലവിൽ വരികയും ചെയ്തു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടത്.