
കാബൂൾ: അഫ്ഗാൻ സമാധാന ചർച്ചയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി റഷ്യ. അമേരിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ,ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രത്യേക ചർച്ചയിൽ നിന്നാണ് ഇന്ത്യയെ ഒഴിവാക്കിയത്. ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 18ന് നടക്കുന്ന ചർച്ചയ്ക്ക് റഷ്യയാണ് ചർച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചർച്ചയിൽ ആയുധ സംഘട്ടനം ഒഴിവാക്കൽ, വെടിനിറുത്തൽ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
അതേസമയം, അഫ്ഗാനുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യയെ ചർച്ചയിൽ നിന്നൊഴിവാക്കിയത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെയും റഷ്യ തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇന്ത്യൻ പ്രതിനിധികളെക്കൂടി ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്ക നിദ്ദേശിച്ചിരുന്നു. പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറായിരിക്കും സമാധാന ചർച്ചയിൽ പങ്കെടുക്കുക എന്ന സൂചനയും ലഭിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗിലാനിക്കെഴുതിയ കത്തിൽ റഷ്യ നിർദ്ദേശിച്ച രാജ്യങ്ങളുടെ കൂടെ ഇന്ത്യയുടെ പേരു കൂടി നിർദ്ദേശിക്കുകയായിരുന്നു.