
പാലക്കാട് ജില്ലയിൽ പെരുവെമ്പ് എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വേമ്പത്ത് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ തന്നെ ഇത്രയും ഗംഭീരമായ രീതിയിൽ ഉള്ളൊരു ശിവ ക്ഷേത്രം വേറെ ഇല്ലാ എന്ന് ഇവിടുത്തെ ക്ഷേത്ര സങ്കൽപ്പം കണ്ടാൽ തന്നെ നമുക്ക് പറയാൻ കഴിയും. പക്ഷേ ഇന്ന് നിത്യ നിദാനം പോലും ബുദ്ധിമുട്ടിലായിരിക്കുന്ന വേമ്പത്ത് ശിവ ക്ഷേത്രത്തിനായി ഈ മഹാശിവരാത്രി ദിനത്തിൽ നമുക്ക് കൈകോർക്കാം.
മഹാദേവൻ വൈദ്യനാഥ മൂർത്തിയായി പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ഈ മഹാക്ഷേത്രം മൂന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് നിലകൊള്ളുന്നത്. ഗണപതി ,സുബ്രഹ്മണ്യൻ ,ശാസ്‌താവ്,പാർവതി ,ഭദ്രകാളി,നാഗങ്ങൾ,വിഷ്ണു, സേതുമാധവ പെരുമാൾ, വേട്ടയ്‌ക്കൊരുമകൻ ,എന്നീ ഉപദേവത സാന്നിധ്യവും ഈ മഹാക്ഷേത്രത്തിൽ ഉണ്ട്.തുമ്പിക്കൈ വലത്തോട്ട് വച്ചിരിക്കുന്ന ഇവിടുത്തെ ഗണപതിയെ പോലെ വലിപ്പമുള്ള ഗണപതി ഞാൻ ഇത് വരെ പോയ മറ്റ് ക്ഷേത്രങ്ങളിൽ കണ്ടിട്ടില്ല. അണ്ടലാടി പരമേശ്വരൻ നമ്പൂതിരി ആണ് ക്ഷേത്ര തന്ത്രി. ക്ഷേത്ര ഊരാളൻ മന്നാട്ടിൽ തറവാട്ടുകാരാണ്. നിത്യേന രാവിലെ ശാന്തിക്കാരൻ രാമ നാരായണൻ അയ്യർ വന്ന് തേവർക്ക് വിളക്ക് വച്ച് പോകും.വൈകുന്നേരം ശ്രീകോവിലിന് പുറത്ത് ക്ഷേത്രത്തിന്റെ അടുത്ത് ഉള്ള വേമ്പത്ത് വാര്യത്തെ ഉണ്ണി ഏട്ടൻ വിളക്ക് കാണിക്കും. അതാണ് ഇന്ന് ഈ മഹാക്ഷേത്രത്തിന്റെ അവസ്ഥ.
മഹാശിവരാത്രി,വിനായക ചതുർത്ഥി,നവരാത്രി,തിരുവാതിര, നിറ പുത്തരി എന്നീ ദിനങ്ങൾ വിശേഷം. വൈദ്യനാഥന് അഭിഷേകങ്ങൾ,ഗണപതിക്ക് അപ്പം,എന്നിവ പ്രധാനം.കാലങ്ങൾക്ക് മുന്നേ ആറാട്ടും ഉത്സവങ്ങളും എല്ലാം ഗംഭീരമായി നടന്നിരുന്ന ക്ഷേത്രമാണിത്.
വൈദ്യനാഥ സ്വാമി കുടികൊള്ളുന്ന ശ്രീകോവിൽ കാണേണ്ട ഒരു കാഴ്ച്ച തന്നെയാണ്.ഇങ്ങനെ ഒരു ശ്രീകോവിൽ പാലക്കാട് ഭാഗത്ത് ഞാൻ കണ്ടിട്ടില്ല.മറ്റ് ഒൻപത് ഉപദേവതമാരുടെ ശ്രീകോവിലിൽ രണ്ട് ശ്രീകോവിൽ മാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളൂ.ഗണപതി , സേതുമാധവ പെരുമാൾ എന്നീ മൂർത്തികളുടെ ശ്രീകോവിൽ ഒഴികെ ബാക്കി എല്ലാം പൂർണമായും തകർന്നു കിടക്കുന്ന അവസ്ഥയാണ്.പ്രധാന ശ്രീകോവിലിന്റെ തറ ഭാഗത്തിന് ഏകദേശം ആയിരത്തോളം വർഷം ചുരുങ്ങിയത് പഴക്കം കണക്കാക്കേണ്ടതായി വരും എന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.മേൽക്കൂരയ്ക്ക് ഒരു മുന്നൂറ് കൊല്ലത്തിന് അടുത്ത് കാലവും കാണാം.ഇതിൽ നിന്ന് നമ്മൾ കൂട്ടി വായിക്കേണ്ടതായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുമ്പേ ഒരിക്കൽ ക്ഷയിക്കൽ മൂലമോ അല്ലെങ്കിൽ മറ്റു പല കാരണങ്ങൾ കൊണ്ടോ പുനരുദ്ധാരണം ഇവിടെ നടത്തിയിട്ടുണ്ട് എന്നാണ്.ഈ ക്ഷേത്രത്തിന് എന്തായാലും പറയാൻ ആയിരം ചരിത്രം കഥകൾ ഉണ്ടാകും എന്നത് ഉറപ്പാണ്.
ഈ ക്ഷേത്രത്തിനു അടുത്ത് തന്നെയായി ഒരു പത്ത് കൊല്ലം മുന്നേ പല്ലവ രാജ കാലഘട്ടത്തിന്റെ വാസ്തുവിദ്യയുടെ ഉദാഹരണമായി നിലനിന്നിരുന്ന ശിവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയിരുന്നു.അതിന് തന്നെ 900 വർഷം ഏകദേശം പഴക്കം ചരിത്രകാരന്മാർ പറയുന്നുണ്ട്. വേമ്പത്ത് മഹാദേവ ക്ഷേത്രത്തിലെ പല കരിങ്കൽ നിർമ്മിതികൾക്കും ദ്രവീകരണം സംഭവിച്ചിട്ടുണ്ട് .അങ്ങനെ നോക്കും നേരവും ,അത് പോലെ ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് കിട്ടിയ വട്ടെഴുത്ത് ലിഖിതത്തിന്റെ പഴക്കത്തിൽ നിന്നും ഈ മഹാക്ഷേത്രത്തിന് ആയിരം കൊല്ലത്തിൽ അധികം പഴക്കം എന്തായാലും ഉണ്ട് എന്ന് നമുക്ക് കണക്കാക്കാൻ സാധിക്കും .ചേര ചോള ,പാണ്ഡ്യ ,പല്ലവ , കാലഘട്ടത്തിൽ എല്ലാം നമ്മുടെ നാട്ടിൽ അനവധി ശിവ ക്ഷേത്രങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്.എന്തായാലും ഈ ക്ഷേത്രത്തിന്റെ കൂടുതൽ ചരിത്രങ്ങൾ ഭഗവാൻ മൂലം തന്നെ നമ്മിലേക്ക് എത്തേണ്ടതായിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ചുറ്റുമായി ഉണ്ടായിരുന്ന വെട്ടുക്കല്ലാൽ നിർമിച്ച പഴയ ചുറ്റുമതിലിന്റെ അവശിഷ്ടം ഇന്നും കാണാം നമുക്ക്.ഇപ്പോഴുള്ള പ്രധാന ശ്രീകോവിൽ അടക്കം ഉള്ള മൂന്ന് ശ്രീകോവിൽ കൂടാതെ ബാക്കി തകർക്കപ്പെട്ടു കിടക്കുന്ന ഏഴ് ശ്രീകോവിലുകൾ കൂടി പഴയ രീതിയിൽ നിർമ്മിക്കപ്പെട്ടാൽ ഈ മഹാക്ഷേത്ര സമുച്ചയം ഒരു ക്ഷേത്ര നഗരിയായി തന്നെ മാറ്റപ്പെടും.അതിനു മുന്നേ നിത്യനിദാന കാര്യങ്ങൾ ഒരു മുട്ടും കൂടാതെ നടക്കേണ്ടതായിട്ടുണ്ട്. അതിലേക്ക് പ്രിയപ്പെട്ട എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണം ആവശ്യമാണ്.

ഒന്നാലോചിച്ചു നോക്കൂ കാലങ്ങൾക്ക് മുന്നേ മൂന്നര ഏക്കറിൽ പത്ത് ശ്രീകോവിൽ അടക്കം നിറഞ്ഞു നിന്നിരുന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഗാംഭീര്യം.ശാന്തമായ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ചെന്നാൽ തന്നെ മനസ്സിന് ഒരു സമാധാനം കിട്ടും . ആ ഭൂമിയ്ക്ക് തന്നെ ഒരു ഐശ്വര്യമാണ്.ഒരു വനത്തിന്റെ ഉള്ളിൽ ഭഗവാൻ വാഴുന്ന ഒരു അനുഭവമാണ് അവിടെ ചെന്നാൽ.ഭഗവാന് എന്തൊരു ചൈതന്യമാണെന്ന് അറിയാമോ. അതുപോലെ ഇവിടുത്തെ നന്ദി കേശ്വരനും പ്രത്യേക ഭംഗിയാണ് കാണാൻ. .ഇവിടുത്തെ ബലിക്കല്ല് വേറെ എവിടെയും കാണാത്ത രീതിയിൽ ഉള്ളതാണ് .അത് പോലെ മുഖ മണ്ഡപത്തിന്റെ ഭാഗങ്ങളും,കൊത്തുപണികൾ ഉള്ള കരിങ്കൽ പാളികളും ,എല്ലാം ക്ഷേത്ര ഭൂമിയിൽ കാണാം നമുക്ക്. അന്നത്തെ വാസ്തു വിദഗ്ദ്ധരുടെ കഴിവ് എന്തായാലും ഈ ക്ഷേത്ര സമുച്ചയത്തിൽ ചെന്നാൽ കാണാം.

വൈദ്യനാഥ ക്ഷേത്രങ്ങൾ കേരളത്തിൽ വിരളമാണ്.അങ്ങനെ ഉള്ള സ്ഥിതിക്ക് ഇത്രയും ഗംഭീരമായ രീതിയിൽ ഒരു വൈദ്യനാഥ ക്ഷേത്രം ഇങ്ങനെ ക്ഷയാവസ്ഥയിൽ നിലനിൽക്കുക എന്ന് പറഞ്ഞാൽ അതൊട്ടും ശരിയല്ല എന്നാണ് എന്റെ വിശ്വാസം .പണ്ട് ക്ഷേത്രത്തിൽ ദേവപ്രശ്നം എല്ലാം നടത്തിയിരുന്നു എങ്കിലും അതിന്റെ തുടർ പ്രവർത്തനങ്ങൾ / പരിഹാരങ്ങൾ നടത്താൻ സാമ്പത്തിക പ്രശ്നങ്ങളാൽ സാധിച്ചിട്ടില്ല. ഒരു ക്ഷേത്രം നന്നായി നടന്നാൽ നാട് നന്നാകും എന്നാണ് എന്റെ വിശ്വാസം.ഏതോ ഒരു ശക്തി എന്നെ അവിടെ എത്തിച്ചതിനാൽ ആ ക്ഷേത്രത്തിന് വേണ്ടി നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാൻ വേണ്ടി ഇന്ന് തുടക്കം കുറിക്കുകയാണ്. അതൊന്നും ഒരാളെ കൊണ്ട് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല എന്നറിയാം .കാരണം ഇത് മഹാദേവന്റെ മഹാക്ഷേത്രം ആണ്.അവിടെ ഒരു മഹാകൂട്ടായ്മയുടെ സഹകരണം ഉണ്ടായാൽ മാത്രമേ കാര്യങ്ങൾ ഭംഗിയായി നടക്കുകയുള്ളൂ.അണ്ണാറ കണ്ണനും തന്നാലായത് എന്ന പോലെ നമുക്ക് ഒന്ന് കൈകോർക്കാം ഭഗവാന് വേണ്ടി. ഈ ക്ഷേത്രം പൂർണ സ്ഥിതിയിലേക്ക് ആക്കാൻ സാധിക്കുകയാണ് എങ്കിൽ അത് നമ്മുടെ പൈതൃകത്തോടും ,വിശ്വാസത്തോടും കാണിക്കുന്ന നീതീയായിരിക്കും.അതിന്റെ ആദ്യത്തെ ചുവട് വയ്ക്കാൻ ഉള്ള മുന്നൊരുക്കങ്ങൾ ഇന്ന് മുതൽ തുടങ്ങുകയാണ്.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ സഹകരണം അതിലേക്ക് ആവശ്യമാണ്.പിന്നെ ഒരു കാര്യം ഞങ്ങൾക്ക് വിട്ട് തരികയാണ് എങ്കിൽ ക്ഷേത്രം നന്നായി നോക്കാം എന്നു പറയുന്ന സംഘടനക്കാർ അറിയാൻ വേണ്ടി പറയുകയാണ് .ഇവിടെ ക്ഷേത്രം അനാഥമല്ല.സാമ്പത്തിക പരാധീനതകൾ ആണ് വിഷയം.അതിനാൽ ഞങ്ങൾക്ക് വിട്ട് തന്നാലെ സഹായിക്കൂ എന്ന് മനസ്ഥിതി ഉള്ളവർക്ക് മാറി നിൽക്കാം. സനാതന ധർമ്മത്തിൽ അങ്ങനെ പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ ആണ് പറഞ്ഞിരിക്കുന്നത് (അതായത് ഞങ്ങൾക്ക് വിട്ട് തന്നാൽ മാത്രമേ സഹായിക്കൂ എന്ന ചിന്ത തെറ്റാണ് എന്നാണ് എന്റെ വിശ്വാസം ).
ക്ഷേത്ര നവീകരണത്തിന്റെ ആദ്യ പടി എന്ന നിലയ്ക്ക് ആദ്യം ഒരു നേരം എങ്കിലും നന്നായി പൂജ നടക്കണം ,പിന്നീട് ഉപ ദേവതമാരുടെ ശ്രീകോവിൽ നിർമിക്കണം.അങ്ങനെ കുറെ കാര്യങ്ങൾ നടക്കാൻ ഉണ്ട് .അതിലേക്കായി ഈ മഹാശിവരാത്രി ദിനത്തിൽ ലോകമൊട്ടാകെ ഉള്ള ഭക്ത ജനങ്ങളിൽ നിന്നുള്ള സഹായ സഹകരണം പ്രതീക്ഷിക്കുന്നു.ഈ ഒരു നല്ല ദിനത്തിൽ നമുക്ക് ഈ പുണ്യ കർമത്തിൽ പങ്കാളികളാകം. ഈ മഹാക്ഷേത്ര സന്നിധിയിലേക്ക് എല്ലാ ഭക്ത ജനങ്ങളേയും ക്ഷണിക്കുന്നു.ഏവരും വന്ന് ഭഗവാനെ തൊഴുത് ക്ഷേത്ര നവീകരണ, പ്രവർത്തങ്ങളിൽ പങ്കാളികളാകൂ .ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്യാൻ ഉള്ള അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.
Jayaraman M
Vembath Siva temple trustee
Mo: 77363 43337
Sivadasan M
Mo:9747564003
Account details
Jayaraman M
South Indian Bank
AC No: 0069053000004031
IFSC : SIBL0000069
Branch: Peruvemba, Palakkad