
തിരുവനന്തപുരം: തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. വ്യാഴാഴ്ച 116 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത് ഫെബ്രുവരി 28ന് ആയിരുന്നു. 160 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് പരിശോധനകളിലുള്ള കുറവ് കൊണ്ടാണോ അതല്ല, ജില്ലാ ആരോഗ്യ വകുപ്പ് യഥാർത്ഥ കണക്കുകൾ പുറത്തുവിടാത്തതാണോ രോഗികളുടെ എണ്ണം കുറയാൻ ഇടയാക്കിയതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ വർഷം ജൂലായ് 24ന് 160 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഏഴ് മാസം മുമ്പുള്ള കുറഞ്ഞ കൊവിഡ് നിരക്ക്. പിന്നാലെ ജില്ലയിലെ കൊവിഡ് വ്യാപനം ക്രമേണ ഉയരുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഫെബ്രുവരി- മാർച്ച് മാസക്കാലത്ത് ജില്ലയിലെ കൊവിഡ് കേസുകൾ 200ന് താഴെ എത്തുന്നത്. ഫെബ്രുവരി 22ന് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 199 ആയിരുന്നു.
വാക്സിനേഷന് മൊബൈൽ യൂണിറ്റുകൾ
അതേസമയം, കൊവിഡ് രോഗവ്യാപനം കുറയാൻ തുടങ്ങിയതോടെ പ്രതിരോധ വാക്‌സിൻ നൽകുന്നത് ഊർജ്ജിതമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങളിലും മറ്റും കഴിയുന്ന പ്രായം ചെന്നവർക്ക് വാക്സിൻ നൽകുന്നതിനായി മൊബൈൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചന തുടങ്ങി. ആരോഗ്യവകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണത്തിലായെങ്കിലും എപ്പോൾ വേണമെങ്കിലും ഏറ്റവും വേഗത്തിൽ ബാധിക്കാവുന്ന വിഭാഗമാണ് പ്രായമേറിയവർ. അതിനാൽ തന്നെ അവർക്ക് അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ബ്രിട്ടനിലും മറ്റും കൊവിഡ് വ്യാപനം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് വൃദ്ധസദനങ്ങളിലും മറ്റുമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് തന്നെ നാല് വൃദ്ധസദനങ്ങളിൽ കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ പ്രതിരോധത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടതും ഇവിടങ്ങളിലാണെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് ആണ് ഇതുസംബന്ധിച്ച ആശയം ആദ്യം മുന്നോട്ട് വച്ചത്. ഇതിപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് ഒരുങ്ങുകയാണ്.
ആദ്യം തലസ്ഥാനത്ത്
ആരോഗ്യ വകുപ്പിന്റെ വയോമിത്രം യൂണിറ്റുകളായിരിക്കും മൊബൈൽ വാക്സിൻ ഡ്രൈവിൽ ഏർപ്പെടുക. ഇതിനായി സാമൂഹ്യ സുരക്ഷാ മിഷൻ 104 യൂണിറ്റുകളെ നിയോഗിച്ചു കഴിഞ്ഞു. 10 ലക്ഷത്തോളം വൃദ്ധജനങ്ങൾ ഉള്ള തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ 56 വൃദ്ധസദനങ്ങളിലായി അയ്യായിരത്തോളം പ്രായം ചെന്നവരുണ്ട്. ഓരോ യൂണിറ്റിലും ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഓഫീസർ എന്നിവരുണ്ടാകും. ഇവർക്കുള്ള പരിശീലനം നൽകിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങളും തുറക്കും.