car-sales

ന്യൂഡൽഹി: ഫെബ്രുവരിയിൽ പാസഞ്ചർ (കാറുകൾ, എസ്.യു.വികൾ) വാഹനവില്പന 17.92 ശതമാനം ഉയർന്നുവെന്ന് നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) വ്യക്തമാക്കി. 2020 ഫെബ്രുവരിയിലെ 2.38 ലക്ഷം യൂണിറ്റുകളിൽ നിന്ന് 2.81 ലക്ഷം യൂണിറ്റുകളായാണ് വില്പന വർദ്ധിച്ചത്. ഇത് ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പനയുടെ കണക്കാണ്.

ഡീലർഷിപ്പുകളിലെ (റീട്ടെയിൽ) പാസഞ്ചർ വാഹനവില്പന കഴിഞ്ഞമാസം 10.59 ശതമാനം വർദ്ധിച്ചുവെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കിയിരുന്നു. സിയാമിന്റെ കണക്കനുസരിച്ച് ടൂവീലർ വില്പന കഴിഞ്ഞമാസം 10.2 ശതമാനം ഉയർന്ന് 14.26 ലക്ഷം യൂണിറ്റുകളായി. മോട്ടോർസൈക്കിൾ വില്പന 11.47 ശതമാനം വർദ്ധിച്ച് 9.10 ലക്ഷം യൂണിറ്റുകളിലെത്തി. 4.64 ലക്ഷം സ്‌കൂട്ടറുകളാണ് പുതുതായി ഡീലർഷിപ്പുകളിൽ എത്തിയത്; വർദ്ധന 10.9 ശതമാനം.

എല്ലാ വിഭാഗം ശ്രേണികളിലുമായി ഫെബ്രുവരിയിൽ ആകെ 17.35 ലക്ഷം വാഹനങ്ങൾ ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്ക് ഒഴുകി. 2020 ഫെബ്രുവരിയിലെ 15.74 ലക്ഷത്തേക്കാൾ 10.21 ശതമാനം അധികമാണിത്.

ഫാക്‌ടറി ടു ഡീലർഷിപ്പ്

(ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള കഴിഞ്ഞമാസത്തെ വില്പന. വിവിധ ശ്രേണികളും വളർ‌ച്ചയും)

പാസഞ്ചർ : +17.92%

ടൂവീലർ : +10.2%

മോട്ടോർസൈക്കിൾ : +11.47%

സ്‌കൂട്ടർ : +10.9%

ത്രീവീലർ : -33.82%

ആകെ : +10.21%