
ടോക്കിയോ: നീണ്ട ഇടതൂർന്ന മുടി ഇഷ്ടമില്ലാത്തവരാരും കാണില്ല. ജാപ്പനീസ് സ്വദേശിനിയായ റിൻ കാംബെ എന്ന യുവതിയുടെ മുടിയുടെ നീളമാകട്ടെ ആറ് അടി മൂന്ന് ഇഞ്ചാണ്. ഏറെ കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളർത്തിയെടുത്തത്. ഇരുപതാമത്തെ വയസിൽ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും മുടിയുടെ നീളത്തെക്കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ടെന്ന് റിൻ പറയുന്നു. മുടിയുടെ പരിചരണത്തിനായി ഒരു ദിവസത്തിന്റെ പകുതിയിലേറെയും റിൻ ചെലവഴിക്കാറുണ്ട്.
മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് റിൻ ഉപയോഗിക്കുന്നത്.
കർക്കശക്കാരായിരുന്നു റിന്നിന്റെ മാതാപിതാക്കൾ. സോക്കർ ടീമിൽ അംഗമായിരുന്നതിനാൽ സ്‌കൂൾ പഠനകാലത്ത് ഒരിക്കലും മുടി നീട്ടാൻ കാംബെയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. പിന്നീട്, സ്‌പോർട്‌സിനോട് വിടപറഞ്ഞ് റിൻ നൃത്തം അഭ്യസിക്കാൻ തുടങ്ങി. ഈ സമയത്താണ് മുടി വളർത്താനാരംഭിച്ചത്. മുടി തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്നാണ് റിൻ പറയുന്നത്.