
കൊൽക്കത്ത:പശ്ചിമബംഗാളിൽ ഏറ്റവും വീറുറ്റ പോരാട്ടത്തിന് വേദിയായ നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചന ആരോപിച്ച് തൃണമൂൽ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പൊലീസിനോടും ചീഫ് സെക്രട്ടറിയോടും കമ്മിഷൻ റിപ്പോർട്ട് തേടി. ഉന്നത ഉദ്യോഗസ്ഥർ നന്ദിഗ്രാമിലെത്തി അന്വേഷണം ആരംഭിച്ചു.
മമത ചികിത്സയിലായ സാഹചര്യത്തിൽ തൃണമൂൽ പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവച്ചു. മമതയ്‌ക്ക് ഇടതു കണങ്കാലിലും പാദത്തിലും അസ്ഥിക്ക് ഗുരുതര പരിക്കേറ്റതിനാൽ പ്ളാസ്റ്റർ ഇട്ടിട്ടുണ്ട്. വലതു തോളിനും കൈത്തണ്ടയിലും കഴുത്തിലും പരിക്കുണ്ട്.
അക്രമങ്ങൾ ഉണ്ടാകുമെന്ന ബി.ജെ.പിയുടെ ആരോപണത്തെ തുടർന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ ഡി. ജി. പിയെ മാറ്റി, പുതിയ ആളെ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് മമതയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നും മമതയുടെ ജീവനെടുക്കാനുള്ള ഗൂഢാലോചനയാണെന്നും ബി.ജെ.പിയെ ഉന്നമിട്ട് തൃണമൂൽ നേതാക്കൾ ആരോപിച്ചു.
അതേസമയം, ബംഗാൾ ഗവർണറും ബി. ജെ. പി നേതാക്കളും മമതയെ ആശുപത്രിയിൽ സന്ദർശിച്ചു.
എന്നാൽ സഹതാപ വോട്ടിന് വേണ്ടിയുള്ള മമതയുടെ നാടകമാണിതെന്ന് ബി.ജെ.പി ആരോപിച്ചു. 'മമതയെ ആക്രമിച്ചത് താലിബാൻ ആണോ? അവർക്ക് അകമ്പടിയായി വൻ പൊലീസ് സന്നാഹമുണ്ട്. ആർക്കാണ് അവരുടെ അടുത്ത് എത്താനാകുക' എന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അജ്ജുൻ സിംഗ് പരിഹസിച്ചു.
കാറിൽ കയറുന്നതിനിടെ തന്നെ നാലഞ്ചു പേർ ചേർന്ന് ബലമായി തള്ളി, കാറിന്റെ ഡോർ വലിച്ചടച്ചെന്നും ഡോർ തട്ടിയാണ് കാലിന് പരിക്കേറ്റതെന്നും മമത ആരോപിച്ചിരുന്നു. അപ്പോൾ സമീപത്ത് പൊലീസുകാർ ഇല്ലായിരുന്നെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.
അതേസമയം മമത കാറിന്റെ ഫുട്ബോർഡിൽ നിന്ന് അണികളെ അഭിവാദ്യം ചെയ്യുമ്പോൾ കാറിന്റെ ഡോർ പോസ്റ്റിൽ തട്ടി ശക്തിയായി അടിച്ചാണ് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്.
പ്രതിഷേധം ശക്തം
ബി.ജെ.പിയുടെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മത്സരിക്കാനെത്തിയ താൻ ആക്രമിക്കപ്പെട്ടെന്ന മമതയുടെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവച്ചിരിക്കുകയാണ്. ഇടതുകാലിന് പ്ലാസ്റ്റർ ഇട്ട മമതയുടെ ചിത്രങ്ങളുമായി സംസ്ഥാന വ്യാപകമായി തൃണമൂൽ കോൺഗ്രസ് വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. 24 പർഗാനസിൽ തൃണമൂൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. നന്ദിഗ്രാമിൽ ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
നേതാക്കളായ അഖിലേഷ് യാദവ്, അരവിന്ദ് കേജ്‌രിവാൾ, തേജസ്വി യാദവ് എന്നിവരും മമതയ്ക്ക് പരിക്കേറ്റ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്.
വീൽചെയറിൽ പ്രചാരണത്തിനെത്തും : മമത
'കാലിന് പരിക്കുണ്ട്, വേദനയുമുണ്ട്. എന്നാലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ താൻ തിരിച്ചുവരുമെന്ന്' ആശുപത്രിക്കിടക്കയിൽ നിന്ന് പുറത്തുവിട്ട വീഡിയോയിൽ മമത പറഞ്ഞു. പ്രവർത്തകർ ശാന്തരായിരിക്കണം. വീൽ ചെയറിലാണെങ്കിലും യോഗങ്ങളിൽ പങ്കെടുക്കും