
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായതായി പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നേമം ഉരുക്കുകോട്ടയാണെന്നും പറഞ്ഞ ബിജെപി അദ്ധ്യക്ഷൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ആര് വരികയാണെങ്കിലും നേമത്ത് ബിജെപി തന്നെ ജയിക്കുമെന്നും അദ്ദേഹം പറയുന്നു.നേമം മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോ കോൺഗ്രസിന്റെ വടകര എംപി കെ മുരളീധരനോ എത്തും എന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ബിജെപി അദ്ധ്യക്ഷന്റെ ഈ പ്രസ്താവന. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ അദ്ദേഹം അറിയിച്ചതായും വിവരമുണ്ട്.
നേമത്ത് ഉമ്മൻചാണ്ടി മത്സരിച്ചാൽ പുതുപ്പളളിയിൽ മകൻ ചാണ്ടി ഉമ്മനാകും മത്സരിക്കുക എന്നാണ് സൂചനകൾ. എന്നാൽ കോൺഗ്രസിന് 140 മണ്ഡലവും ഒരുപോലെ പ്രധാനമാണെന്നും നേമത്ത് സ്ഥാനാർത്ഥിയാരെന്ന് അന്തിമതീരുമാനം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം ഹൈക്കമാന്റ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞിട്ടുണ്ട്. 2016ൽ ഇടതുപക്ഷം അധികാരത്തിൽ വന്ന തെരഞ്ഞെടുപ്പിലാണ് എൻഡിഎ മുന്നണി ഒ രാജഗോപാലിലൂടെ നേമത്ത് ജയിക്കുന്നതും ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതും.