
ജന്മം നൽകുന്ന മാതാവ് തന്നെ കുഞ്ഞുങ്ങളുടെ ജീവൻ എടുക്കുന്ന വാർത്തകൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിൽ ചാടിമരിച്ചു, കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യചെയ്തു, നവജാതശിശുവിന്റെ മരണം; അമ്മ അറസ്റ്റിൽ... ഇങ്ങനെ പോകുന്നു വാർത്തകളുടെ തലക്കെട്ടുകൾ.
കൊല്ലം കുണ്ടറയിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വെള്ളത്തിൽ മുക്കിക്കൊന്ന വാർത്ത കഴിഞ്ഞ ദിവസമാണ് നാം പത്രമാദ്ധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞത്. ഇത്തരം വാർത്തകൾ വായിക്കുന്നവർക്കെല്ലാം ആ അമ്മയോട് നീരസം തോന്നുക സ്വാഭാവികം മാത്രമാണ്.
പിന്തുടരുന്ന വിഷാദം
അവരൊരമ്മയാണോ? അവർ ഒരു മാനസിക രോഗിയായിരിക്കും അതുമല്ലെങ്കിൽ ഇല്ലാത്ത അവിഹിതം കെട്ടിച്ചമച്ച് പൊതുജനത്തിന്റെ വിധിന്യായവും ഉയരും. അമ്മമാർ കുറ്റവാളികളാകുന്നതിനു പിന്നിലെ പശ്ചാത്തലം വിശകലനം ചെയ്യുന്നതിനൊപ്പം പ്രധാനമാണ് അവരുടെ മാനസിക നില മനസിലാക്കുക എന്നതും. പിഞ്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിനു പിന്നിൽ അമ്മമാരുടെ പ്രസവാനന്തരമുള്ള വിഷാദ രോഗം ഒരു പരിധി വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശിശുമരണനിരക്ക് കുറയ്ക്കുന്നതിനും അമ്മമാരുടെ ആത്മഹത്യ ഒഴിവാക്കുന്നതിനും മാനസികാരോഗ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. പോസ്റ്റ് പാർട്ടം ഡിപ്രഷനെന്ന് പൊതുവെ അറിയപ്പെടുന്ന പ്രസവാനന്തരമുള്ള വിഷാദത്തെ സമൂഹമോ വ്യവസ്ഥിതിയോ ഇനിയും ഗൗരവമായി കാണുന്നില്ല.
ഹോർമോണിന്റെ വ്യതിയാനം
പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ഗർഭാവസ്ഥയുടെ അവസാനം മുതൽ കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനിൽക്കുന്ന ഈ മാനസികാവസ്ഥയെ മൂന്നായി തിരിക്കാം. പോസ്റ്റ്പാർട്ടം ബ്ലൂസ്, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസ്. പ്രസവത്തോടെ സ്ത്രീകളിലെ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും അളവിലെ വ്യതിയാനം വിഷാദരോഗത്തിനും നിരാശയ്ക്കും കാരണമായേക്കാം. അധികമാരും ചർച്ചചെയ്യാത്ത അതീവ ഗൗരവകരമായൊരു മാനസികാവസ്ഥയാണിത്. പ്രസവശേഷം സ്ത്രീകളുടെ സ്വഭാവത്തിലുണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന സമൂഹത്തിന് ഒരിക്കലും പരിചിതമായൊരു അവസ്ഥയല്ലിത്.
മനോരോഗ വിദഗ്ദ്ധന്റെ ഉപദേശം വേണം
പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പായും മനോരോഗ വിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്. ക്രമാതീതമായി മാനസികസമ്മർദ്ദം കൂടി ഒരുപരിധി കഴിയുമ്പോഴേക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തുന്ന സാഹചര്യത്തിലാണിത് വേണ്ടത്. സൈക്യാട്രിസ്റ്റിനെ കാണുന്നവരെല്ലാം ഭ്രാന്തുള്ളവരാണെന്ന് മുദ്രകുത്തുന്ന സമൂഹത്തിന്റെ ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. മാനസികമായി വിഷമങ്ങൾ തോന്നുകയോ അസ്വാഭാവികമായ ചിന്തകൾ അലട്ടുകയോ ചെയ്താൻ ഉടൻ തന്നെ ഡോക്ടറെ കാണിക്കാൻ മടിക്കരുത്.
എന്തുകൊണ്ട് വിഷാദം
ഗർഭകാലത്തെ ഹോർമോണുകളുടെ വ്യതിയാനം, പ്രസവ നാളുകളിലെ ക്ഷീണം, കുഞ്ഞിന്റെ പരിചരണം സംബന്ധിച്ച ആകുലതകൾ, കുടുംബാന്തരീക്ഷം, കുഞ്ഞുങ്ങളിലെ വൈകല്യങ്ങൾ, മാനസികസമ്മർദം, പ്രിയപ്പെട്ടവരുടെ വിയോഗം, മുമ്പുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യം, പാരമ്പര്യമായി കുടുംബാംഗങ്ങളിലെ വിഷാദരോഗം, ആദ്യപ്രസവത്തിലെ സങ്കീർണത തുടങ്ങിയവയെല്ലം പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്കു നയിച്ചേക്കാം.
ആഹ്ളാദം നൽകുന്ന മാനസിക പിന്തുണ
റീച്ച് അപ്രോച്ച് എന്ന പ്രക്രിയയിലൂടെയാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചികിത്സിക്കുന്നത്. ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, അഭിനന്ദിക്കൽ, ആശയവിനിമയം, മാനസിക പിന്തുണ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ ചികിത്സാരീതി അവലംബിക്കുന്നത്. പ്രസവത്തിനുമുമ്പും ശേഷവും കൗൺസലിംഗ് നിർബന്ധമാക്കിയ നിരവധി ആശുപത്രികൾ നമ്മുടെ ചുറ്റുമുണ്ട്. ആശുപത്രികളിൽ ആന്റിപാർട്ടം കൗൺസലിംഗ് എന്ന പേരിൽ നൽകിവരുന്ന കൗൺസലിംഗ് സെഷനിൽ ഗർഭിണിയും കുടുംബാംഗങ്ങളുമാണ് പങ്കെടുക്കേണ്ടത്.
കുടുംബത്തിന്റെ പിന്തുണ അനിവാര്യം
പ്രസവാനന്തര വിഷാദരോഗമാണെന്നു തിരിച്ചറിയാതെ നിരന്തരമായ കുറ്റപ്പെടുത്തലുകൾക്കും പരാതികൾക്കും അടിപ്പെടുകയും, മതിയായ ചികിത്സയും കുടുംബപിന്തുണയും ഇല്ലാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് അക്രമസ്വഭാവത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കും വഴി തെളിക്കുന്നത്. ഇത്തരമൊരവസ്ഥയെ പറ്റിയുള്ള ശരിയായ ജ്ഞാനവും മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനുള്ള മനസ്സുമുണ്ടെങ്കിൽ ഈ രോഗം മൂലമുള്ള ഗുരുതരാവസ്ഥകളെ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാൻ കഴിയും.