virendra-dev-dixit

ന്യൂഡൽഹി: നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും ആശ്രമത്തിൽ തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ സ്വയംപ്രഖ്യാപിത ആൾദൈവം വിരേന്ദ്ര ദേവ് ദീക്ഷിതിനെതിരെ ഇന്റർപോളിന്റെ റെഡ്‌കോർണർ നോട്ടീസ്. നേരത്തെ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.

79കാരനായ വിരേന്ദ്ര ഡൽഹി രോഹിണിയിലെ ആശ്രമത്തിൽ സ്ത്രീകളെ തടങ്കലിലാക്കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. 2017 ഡിസംബറിൽ ഡൽഹി പൊലീസും വനിതാകമ്മീഷനും ആശ്രമത്തിൽ റെയ്ഡ് നടത്തി സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ 67 പേരെ മോചിപ്പിച്ചിരുന്നു. ഇവരെ ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ആശ്രമത്തിലെ പീഡനത്തിൽ സി.ബി.ഐ അന്വേഷണം നടത്താൻ 2017ൽ തന്നെ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ഡൽഹി പൊലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതിനിടെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 2019ൽ സി.ബി.ഐ വിരേന്ദ്രയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഹൈക്കോടതി നിയോഗിച്ച സമിതിയെ ആശ്രമത്തിൽ തടഞ്ഞെന്ന കേസിലും സി.ബി.ഐ സംഘം കുറ്റപത്രം നൽകി.

നേരത്തെ ബ്ലൂകോർണർ നോട്ടീസിനൊപ്പം വിരേന്ദ്രയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. വിരേന്ദ്ര നേപ്പാളിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ നേപ്പാളിലെ അന്വേഷണ ഏജൻസികൾ വിരേന്ദ്രയെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.