irikkur

കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സജീവ് സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹം പരന്നതോടെ ആലക്കോട്, ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസുകൾ പ്രവർത്തകർ താഴിട്ട് പൂട്ടി, ഓഫീസുകൾക്ക് മുന്നിൽ പോസ്റ്റർ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു.

കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറിൽ എ ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ കെ.സി. വേണുഗോപാലിന്റെ വിശ്വസ്ഥനായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തിൽ നീക്കമുണ്ടായതോടെയാണ് പരസ്യ പ്രതിഷേധമുണ്ടായത്. കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു സ്ഥാനാർത്ഥിക്കായി ചർച്ച തുടങ്ങിയത്.

40 വർഷമായി എ ഗ്രൂപ്പിലെ കെ.സി. ജോസഫ് പ്രതിനിധീകരിച്ച മണ്ഡലം ഐ വിഭാഗത്തിന് വിട്ടുകൊടുത്തതിലാണ് പ്രതിഷേധമുയർന്നിരിക്കുന്നത്. ജോസഫിന് കോട്ടയത്ത് സീറ്റ് കൊടുക്കണമെങ്കിൽ ഇരിക്കൂർ വേണമെന്ന് ഐ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനെ കെ.സി. വേണുഗോപലും പിന്തുണച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സജീവ് ജോസഫിന് സീറ്റ് നൽകാൻ നീക്കം നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന എ ഗ്രൂപ്പുകാർ പലയിടത്തും സജീവ് ജോസഫിനെതിരെ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുകയാണ്. ആരുടെയെങ്കിലും പെട്ടിയും തൂക്കി ഡൽഹിയിൽ കറങ്ങി നടക്കുന്നവർ ഇരിക്കൂറിൽ ആവശ്യമില്ല, എ.ഐ.സി.സി.ക്ക് ചായ വാങ്ങികൊടുക്കുന്നവർക്കല്ല ഇരിക്കൂർ സീറ്റ്, തുടങ്ങിയ വാചകങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. സേവ് കോൺഗ്രസ് ഇരിക്കൂർ എന്ന പേരിലാണ് പോസ്റ്റർ.