
ഗാന്ധിനഗർ: 91 വർഷം മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരിളക്കി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡി കടപ്പുറത്ത് നടന്ന ഉപ്പ് സത്യാഗ്രഹം പുനഃസൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ്"എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നാരംഭിക്കുന്ന യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ പദയാത്രയ്ക്ക് നേതൃത്വം നൽകും.
ബ്രിട്ടീഷുകാർ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12നാണ് ചരിത്രപ്രസിദ്ധമായ
ദണ്ഡി മാർച്ച് ആരംഭിച്ചത്. 78 ആളുകൾ പങ്കെടുത്ത മാർച്ച് ഏപ്രിൽ 5ന് ദണ്ഡിലെത്തി നിയമലംഘനം നടത്തി.
രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമാക്കാൻ നേതാക്കൾ നടത്തിയ പ്രയത്‌നത്തെ അനുസ്മരിച്ചാണ് കേന്ദ്രസർക്കാർ 91 വർഷത്തിന് ശേഷം ദണ്ഡി മാർച്ച് പുനഃസൃഷ്ടിക്കുന്നത്.
ഗാന്ധി ചെയ്തതിന് സമാനമായി, 81 പേർ കാൽനടയായി അഹമ്മദാബാദിൽ നിന്ന് 386 കിലോ മീറ്റർ യാത്രചെയ്ത് തെക്കൻ ഗുജറാത്തിലെ തീരദേശ ഗ്രാമമായ ദണ്ഡിയിലെത്തും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 75 ആഴ്ചകൾ നീണ്ട പരിപാടിയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 2022ൽ ആരംഭിക്കുന്ന ആഘോഷം 2023 ആഗസ്റ്റ് 15 വരെ തുടരും. മുഴുവൻ പരിപാടികളുടേയും മേൽനോട്ടം പ്രധാനമന്ത്രി നേരിട്ട് നിർവഹിക്കും.