
തിരുവനന്തപുരം : തൃത്താലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷിന്റെ പ്രചാരണ വീഡിയോക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ പി.ഗീത. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി, കുട ചൂടൽ, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റെതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? എന്ന് ഗീത ഫേസ്ബുക്കിൽ കുറിച്ചു.
രജനീകാന്ത് സിനിമയായ കാലയിലെ പശ്ചാത്തല സംഗീതമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്നതാണ് വീഡിയോ. മികച്ച പാർലമെന്റേറിയൻ ഇനി തൃത്താലയ്ക്ക് സ്വന്തം എന്ന വാചകവും വീഡിയോയുടെ അവസാനമുണ്ട്.
പി.ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു കാര്യം വളരെ വ്യക്തമാണ്. മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി, കുട ചൂടൽ, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റെതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് ! മംഗലശ്ശേരി നീലകണ്ഠായ നമോസ്തതേ