bjp

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായുള്ള ബിജെപി സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക തയ്യാറായതായി റിപ്പോർട്ട്. ധർമ്മടത്ത് സികെ പത്മനാഭൻ, അമ്പലപ്പുഴയിൽ സന്ദീപ് വചസ്പതി, കൊട്ടാരക്കരയിൽ സന്ദീപ് വാര്യർ, ചെങ്ങന്നൂരിൽ എംവി ഗോപകുമാർ, ഹരിപ്പാട്ട് ബി ഗോപാലകൃഷ്ണൻ എന്നിങ്ങനെയാണ് സാദ്ധ്യതാ പട്ടികയിലെ പേരുകൾ. കോന്നി മണ്ഡലത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മത്സരിച്ചേക്കുമെന്നാണ് സൂചകനകൾ.

പാലക്കാട്ടേക്ക് പാർട്ടി പരിഗണിക്കുന്നത് ഇ ശ്രീധരനെയും ശോഭാ സുരേന്ദ്രനെയുമാണെന്നും വിവരമുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാ നടനും എംപിയുമായ സുരേഷ് ഗോപിയും മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

തൃശൂരിലോ വട്ടിയൂർക്കാവിലോ അദ്ദേഹം മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായതായി കെ സുരേന്ദ്രൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.

നേമം ഉരുക്കുകോട്ടയാണെന്നും പറഞ്ഞ ബിജെപി അദ്ധ്യക്ഷൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആര് വരികയാണെങ്കിലും നേമത്ത് ബിജെപി തന്നെ ജയിക്കുമെന്നും അദ്ദേഹം പറയുന്നു. നേമം മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോ കോൺഗ്രസിന്റെ വടകര എംപി കെ മുരളീധരനോ എത്തും എന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ബിജെപി അദ്ധ്യക്ഷന്റെ ഈ പ്രസ്താവന.