aishi

കൊൽക്കത്ത: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എൻ.യു) യൂണിയൻ ചെയർമാൻ ഐഷി ഘോഷ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കും. ജമുറിയ സീറ്റാണ് പാർട്ടി ഐഷി ഘോഷിന് നൽകിയത്. ഇതോടെ ജെ.എൻ.യു വിദ്യാർത്ഥി സംഘടനാ നേതാവായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയായിരിക്കയാണ് ഐഷി. ഇന്നലെ ട്വിറ്ററിലൂടെ ഐഷി തന്നെയാണ് മത്സരിക്കുന്ന കാര്യം അറിയിച്ചത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസും ഇന്ത്യൻ സെക്യുലർ ഫ്രണ്ടും ചേർന്ന് സംയുക്ത് മോർച്ചയായാണ് ബംഗാളിൽ മത്സരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ കാമ്പസിലുണ്ടായ അക്രമത്തിൽ ഐഷി ഘോഷിന് സാരമായി പരുക്കേറ്റിരുന്നു. ജെ.എൻ.യു മുൻ യൂണിയൻ ചെയർമാൻ കനയ്യ കുമാർ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മത്സരിച്ചെങ്കിലും ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടിരുന്നു