
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ സ്ഥാനാർത്ഥി കെ.ബി. ഗണേഷ്‌കുമാർ. കൊവിഡ് പോസിറ്റീവായതാണ് ഗണേഷ് കുമാറിന് വിനയായത്. എന്നാൽ ആശുപത്രി കിടക്കയിലുള്ള സ്ഥാനാർത്ഥിയുടെ അസാന്നിദ്ധ്യത്തിൽ ബാലകൃഷ്ണപിളളയാണ് ഗണേഷിനായി പ്രചാരണരംഗത്തുള്ളത്. നേരത്തെ തന്നെ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്‌കുമാർ സ്ഥാനാർത്ഥിയായുള്ള ചുവരെഴുത്തുകളും ബോർഡുകളുമൊക്കെ മണ്ഡലത്തിൽ നിറയുകയും ചെയ്തു. ഇതിനിടയിലാണ് ഗണേഷിന് കൊവിഡ് സ്ഥിരീകരിച്ചത്.. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഗണേഷിന് ഈ മാസം പതിനേഴാംതീയതി വരെ നിരീക്ഷണത്തിൽ തുടരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകൾ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛൻ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.
പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനെത്തിയ ബാലകൃഷ്ണപിളളയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുമെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തല്‍.