
തിരുവനന്തപുരം: കോൺഗ്രസിന് ബി.ജെ.പിയുടെ ബദലാകാൻ കഴിയില്ലെന്നും അതിനുള്ള ചങ്കുറപ്പ് ഇടതുപക്ഷത്തിന് മാത്രമാണുള്ളതെന്നും സി.പി.എം പൊളിറ്ര് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടതുമുന്നണിയുടെ വട്ടിയൂർക്കാവ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബി.ജെ.പി പറഞ്ഞത് കോൺഗ്രസ് എം.എൽ.എമാരെ ലക്ഷ്യമിട്ടാണ്. ഹിന്ദു രാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആർ.എസ്.എസ് ഭരണം സ്ഥാപിക്കാനാണ് നീക്കം.
പി.സി. ചാക്കോ, പന്തളം പ്രതാപൻ, എം.എസ്. വിശ്വനാഥൻ എന്നിവർ കോൺഗ്രസ് വിട്ടു. ഈ ഉരുൾപൊട്ടൽ വരുംദിവസങ്ങളിലും തുടരും. കഴിഞ്ഞ അഞ്ച് വർഷവും വികസനം ഉണ്ടായിട്ടുണ്ട്. ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടന്ന മറ്റൊരു കാലമില്ല.1064 കോടി രൂപയുടെ വികസനമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രം ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.
മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.എസ്. രാജലാൽ അദ്ധ്യക്ഷനായി. വട്ടിയൂർക്കാവിലെ സി.പി.എം സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.