
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലം നേമമാണ്. മണ്ഡലത്തിൽ ബി ജെ പിയെ തളയ്‌ക്കാൻ വരുന്ന സസ്‌പെൻസ് സ്ഥാനാർത്ഥി ആരായിരിക്കുമെന്നതാണ് ഈ കൗതുകത്തിന് പിന്നിലെ കാരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങി പ്രമുഖരുടെ ഒരു നിര തന്നെയാണ് കോൺഗ്രസിന്റെ സാദ്ധ്യത പട്ടികയിലുളളത്.
അമ്പത് വർഷത്തെ പുതുപ്പളളി ബന്ധം അവസാനിപ്പിച്ച് ഉമ്മൻ ചാണ്ടി നേമത്ത് വരുമോയെന്നാണ് ഇനിയറിയേണ്ടത്. ഇന്ന് സോണിയാഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്‌ചയിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. നേമം ചലഞ്ച് ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങിയാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പളളിയിൽ മത്സരിക്കുക. അതേസമയം, നേമത്തും പുതുപ്പളളിയിലും ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുളള ചർച്ചകളും നടക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയ നേതാക്കൾ പോലും ഉറ്റുനോക്കുന്ന നേമത്ത് നിന്ന് മത്സരിക്കുന്ന വ്യക്തി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. 29 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്ത കരുണാകരനും മത്സരിച്ച് വിജയിച്ചത് നേമത്ത് നിന്നാണ്.
1982ലെ തിരഞ്ഞെടുപ്പിലാണ് കേരളം മുഴുവൻ ശ്രദ്ധിച്ച മത്സരത്തിന് നേമത്ത് അരങ്ങൊരുങ്ങിയത്. സാക്ഷാൽ കെ കരുണാകരൻ തന്റെ പ്രിയപ്പെട്ട മാളയ്ക്കു പുറമേ നേമത്തും അന്നു മത്സരത്തിനിറങ്ങി. സി പി എമ്മിലെ പി ഫക്കീർഖാനെ കരുണാകരൻ പരാജയപ്പെടുത്തിയെങ്കിലും രണ്ടിടത്തും ജയിച്ചതോടെ നേമത്ത് നിന്നും രാജിവച്ച് മാള നിലനിർത്തുകയായിരുന്നു.
എന്തുകൊണ്ട് മാള രാജിവയ്ക്കാതെ നേമം രാജിവച്ചുവെന്നായിരുന്നു കരുണാകരനോട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം.'മാള പതിവ്രതയാണ് ' എന്നായിരുന്നു ലീഡറുടെ മറുപടി. അപ്പോൾ 'നേമമെന്താ വേശ്യയാണോ?' എന്നായി ഇ എം എസ് നമ്പൂതിരിപ്പാട്.
ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അടിതെറ്റി.പിന്നീട് മണ്ഡലം തിരിച്ചുപിടിക്കാൻ നീണ്ട 19 വർഷം കാത്തിരിക്കേണ്ടി വന്നു. അന്ന് ആ ദൗത്യം ഏറ്റെടുത്തത് എൻ ശക്തൻ. 2011ലെ മണ്ഡല പുനർനിർണയത്തിൽ കാട്ടാക്കട രൂപപ്പെട്ടതോടെ ശക്തൻ നേമം വിട്ടു. പത്ത് വർഷത്തിന് ശേഷം നേമത്ത് ഒരു ശക്തനെ തിരയുകയാണ് കോൺഗ്രസ്. അതെന്തായാലും എൻ ശക്തനല്ല അതിശക്തനായിരിക്കും.