
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് മുന്നോടിയായി യാക്കോബായ സഭാ സംഘം ഇന്ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസും മൂന്ന് മെത്രാപ്പൊലീത്തമാരുമാണ് സംഘത്തിലുളളത്. സഭാതർക്ക പരിഹാര ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചയെന്നാണ് ഒൗദ്യോഗിക വിശദീകരണം.
അഞ്ച് മണ്ഡലങ്ങളിൽ പൊതുസമ്മതരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് ഇരു വിഭാഗത്തിന്റേയും പരിഗണനയിലുണ്ട്. സഭാ തർക്ക വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഉറപ്പു ലഭിക്കുമോയെന്നതാണ് യാക്കോബായ സഭ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി സഭയുടെ പ്രശ്‌നങ്ങൾ കേൾക്കാൻ തയ്യാറായതിൽ കഴിഞ്ഞ ദിവസത്തെ സുന്നഹദോസ് സന്തോഷം രേഖപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള കൂടിക്കഴ്‌ച ഏറെ രാഷ്ട്രീയ പ്രാധാന്യമുളളതാണ്.