ramesh-chennithala

തിരുവനന്തപുരം: ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, ശശിതരൂർ തുടങ്ങി ആരെ ഇറക്കിയാലും പണിയെടുക്കാതെ നേമത്ത് കോൺഗ്രസിന് വിജയിക്കാനാകില്ലയെന്നതാണ് യാഥാർത്ഥ്യം. സിംഹത്തെ അതിന്റെ മടയിൽ പോയി നേരിടുന്ന ശൈലിയാണ് നേമത്ത് കരുത്തനെ രംഗത്തിറക്കുന്നത് വഴി കോൺഗ്രസ് പദ്ധതിയിടുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഘടകക്ഷിക്ക് സീറ്റ് നൽകി ബി.ജെ.പി-കോൺഗ്രസ് രഹസ്യബാന്ധവമെന്ന പേരാണ് പാർട്ടി സമ്പാദിച്ചത്. അത് മാറ്റിയെടുത്ത് ബി.ജെ.പിയുടെ തേരോട്ടം മുളയിലെ നുളളുകയെന്നതാണ് നേമത്ത് സ്ഥാനാർത്ഥി നിർണയത്തിലെ സ‌സ്‌പെൻസ് നീളുന്നതിലെ പ്രധാന കാരണം.

ബൂത്ത് കമ്മിറ്റികൾ പോലുമില്ലാത്ത നേമത്ത് ജയിച്ചുകയറുകയെന്നത് കോൺഗ്രസിന് എളുപ്പമല്ല. ചുരുക്കം കമ്മിറ്റികൾ ഒഴിച്ച് ഒട്ടുമിക്ക വാർഡ് കമ്മിറ്റികൾ പോലും കാര്യക്ഷമമല്ല. കഴിഞ്ഞ ബൂത്ത് പുന:സംഘടനയിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തികയ്‌ക്കാൻപ്പെട്ട പാട് കോൺഗ്രസിലെ പ്രാദേശിക നേതാക്കൾക്കേ അറിയാവൂ. മണ്ഡലത്തിലെ ഭൂരിപക്ഷം പ്രാദേശിക നേതാക്കൾക്കും പ്രവർത്തകരുമായും വോട്ടർമാരുമായും അടുത്ത ബന്ധം പോലുമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേമം സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ മുന്നണിയെ മുന്നിൽ നിന്ന് നയിച്ച വിജയൻ തോമസ് ഇപ്പോൾ കോൺഗ്രസിന് അകത്താണോ പുറത്താണോയെന്ന് പാർട്ടിക്കാർക്ക് പോലും നിശ്‌ചയമില്ല. മണ്ഡലത്തിലെ പരമ്പരഗത കോൺഗ്രസ് കുടുംബങ്ങളിൽ ഭൂരിപക്ഷവും ഇന്ന് ബി.ജെ.പിയിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നുപോലും നേടാൻ കോൺഗ്രസിനായിട്ടില്ല. പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് ബഹുദൂരം വോട്ടുകളുടെ വ്യത്യാസത്തിലാണ് പിന്തളളപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 13860 വോട്ടുകൾ മാത്രമായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശിതരൂർ പിന്നിൽ പോയ ഏക മണ്ഡലവും നേമമാണ്. തരൂർ വൻജയം നേടിയപ്പോൾ പോലും നേമത്ത് ബി ജെ പിയേക്കാൾ പന്ത്രണ്ടായിരം വോട്ടിന് പിന്നിലായിരുന്നു കോൺഗ്രസ്. 2014ൽ ഇത് പതിനെണ്ണായിരമായിരുന്നു.

എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങേണ്ട സംസ്ഥാന നേതാവ് നേമത്ത് മത്സരിച്ചാൽ മുഴുവൻ സമയവും മണ്ഡലത്തിൽ മാത്രമായി ഒതുങ്ങേണ്ടി വരും. ഇത് കോൺഗ്രസിന്റെ സംസ്ഥാനമൊട്ടാകെയുളള പ്രചാരണത്തെ തന്നെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. തോൽവി മണത്താൽ എതിരാളികൾ ക്രോസ് വോട്ടിനും മടിക്കില്ല. ഉമ്മൻ ചാണ്ടി മാറിയാൽ പുതുപ്പളളി നഷ്‌ടപ്പെടുമൊയെന്ന ആശങ്ക കോൺഗ്രസിനുണ്ട്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് നേമത്ത് ജയിക്കാനായാൽ പാർട്ടിയിൽ ഒന്നാമനാരെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാകില്ല.

ശക്തികേന്ദ്രമായ നേമത്ത് ബി ജെ പിയുടെ മുന്നേറ്റം തടയാനായാൽ 140 മണ്ഡലങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലും അത് പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസ് ബി.ജെപി രഹസ്യബാന്ധവമെന്ന സി.പി.എമ്മിന്റ പതിവ് ആക്ഷേപത്തിന്റ മുനയൊടിക്കാനും ഇതുവഴി സാധിക്കും. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനെ കഴിയൂവെന്ന സന്ദേശവും പാർട്ടിക്ക് നൽകാൻ സാധിക്കും. ഇതിലെല്ലാം ഉപരി ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് റിസ്‌ക് ഏറ്റെടുത്ത് സംസ്ഥാന നേതാവ് പോരിനിറങ്ങിയാൽ കേരളമൊട്ടാകെ പ്രവർത്തകരിലും നേതാക്കളിലും വൻ ആവേശമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കും.

മകളുടെ കൊച്ചിന് പേര് 'നേമം'

ദേശീയ തലത്തിൽ തന്നെ നേമം കോൺഗ്രസിന് അഭിമാന പോരാട്ടമാണ്. തെക്കൻ ജില്ലകളുടെ ചുമതലയുളല എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാൾ പറയുന്നത് ഇങ്ങനെ ' എന്തുവില കൊടുത്തും നേമത്ത് ജയിക്കണം. നേമത്ത് കോൺഗ്രസ് ജയിച്ചാൽ എന്റെ മകളുടെ ജനിക്കാൻ പോകുന്ന കൊച്ചിന് ഞാൻ 'നേമം' എന്ന് പേരിടും. ഇതുതന്നെ ഹൈക്കമാൻഡ് എത്ര പ്രാധാന്യത്തോടെയാണ് നേമം മണ്ഡലത്തിലെ പോരാട്ടത്തെ കാണുന്നുവെന്നതിന്റെ തെളിവാണ്.