
തിരുവനന്തപുരം: ബി.ജെ.പിക്ക് എതിരെ നേമം സീറ്റിൽ അഭിമാന മത്സരത്തിന് കച്ചമുറുക്കുന്ന കോൺഗ്രസ്, അങ്കത്തട്ടിലെ ശക്തൻ ആരായിരിക്കുമെന്ന സസ്‌പെൻസ് നിലനിറുത്തി മാരത്തൺ ചർച്ചകളുടെ അവസാന റൗണ്ടിൽ. നേമത്ത് ബി.ജെ.പിയും സി.പി.എമ്മും ഉയർത്തുന്ന വെല്ലുവിളികളെ ഒരുപോലെ പ്രതിരോധിക്കാൻ കരുത്തൻ തന്നെ വേണമെന്ന ആലോചനകളിൽ കെ.മുരളീധരനു പുറമെ ഉമ്മൻചാണ്ടിക്കു മേലും സമ്മർദ്ദം ശക്തം.
നേമത്ത് തന്നെ മത്സരിപ്പിക്കാൻ നീക്കം നടത്തിയ സംസ്ഥാന നേതൃത്വത്തെ ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായാണ് കെ. മുരളീധരൻ നേരിട്ടത്. കോൺഗ്രസ് ഹൈക്കമാൻഡ് പറഞ്ഞാൽ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ മത്സരിക്കാൻ താൻ തയാറാണെന്നും പകരം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടാൻ തയാറാണോ എന്നും മുരളീധരൻ ചോദിച്ചു. ഇതോടെ, അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള നേമം ചർച്ചകൾ നേതൃത്വം അവസാനിപ്പിച്ചു. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കാൻ തയാറാണെന്നും മുരളീധരൻ അറിയിച്ചു
അതേസമയം, നേമത്ത് മത്സരിക്കാൻ താൻ സമ്മതിച്ചെന്ന വാർത്തകൾ ഉമ്മൻചാണ്ടി നിഷേധിച്ചു. നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് 50 കൊല്ലമായി തന്റെ മണ്ഡലം പുതുപ്പള്ളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേമത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല കൂടി പ്രതികരിച്ചതോടെ ഇന്ന്, ആ നാടകീയ പ്രഖ്യാപനത്തിനു കാക്കുകയാണ് മുന്നണികൾ.
മുരളീധരന്റെ കാര്യത്തിൽ, എം.പിമാർക്ക് മത്സരിക്കാൻ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമുണ്ട്. എം.പിമാർ മത്സരിക്കുമോ എന്ന കാര്യം ഇന്ന് വ്യക്തമാകുമെന്നും പട്ടിക ഒറ്റഘട്ടമായിത്തന്നെ പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ഇന്നു വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചർച്ച ചെയ്യും. അംഗീകരിച്ചാൽ ഇന്നു തന്നെ പ്രഖ്യാപനമുണ്ടാകും.
നേമം വെല്ലുവിളി ഏറ്റെടുക്കുമോ എന്ന് രമേശ് ചെന്നിത്തലയോട് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവായ താനുണ്ടെന്നായിരുന്നു മറുപടി. നേമത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക. നേമം സസ്‌പെൻസായി ഇരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.