sreedharan

പാലക്കാട്: സംസ്ഥാനത്ത് ബി ജെ പിക്ക് ഇത്തവണ ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എൽ ഡി എഫിന് തുടർഭരണമുണ്ടാകില്ല. അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വർഷമായി സർക്കാർ നടത്തിയതെന്നും ഇ ശ്രീധരൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഒരുക്കം ചർച്ച ചെയ്യാൻ പാലക്കാട് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയതായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല. ശബരിമല വിഷയത്തിൽ ഇപ്പോഴത്തേത് യഥാർത്ഥ കണ്ണീർ തന്നെയാണോ എന്നും ശ്രീധരൻ ചോദിച്ചു. എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബോധപൂർവമാണ് ശബരിമലയിൽ യുവതികളെ കയറ്റിയതെന്നും ശ്രീധരൻ ആരോപിച്ചു. കടകംപളളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മെട്രോമാന്റെ പ്രതികരണം.

രണ്ടു വർഷത്തിനകം പാലക്കാടിനെ സംസ്ഥാനത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. താൻ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായ കൂടുതൽ അനുഭവ സമ്പത്താകും. വിവാദങ്ങളല്ല, വികസനമാണ് തന്റെ പ്രചാരണമെന്നും ശ്രീധരൻ വ്യക്തമാക്കി.