kodiyeri-balakrishnan

തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് സി പി എം പോളിറ്ര്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. 60 വയസുകഴിഞ്ഞ പെൻഷനില്ലാത്ത എല്ലാപേർക്കും എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുളള പദ്ധതി എൽ ഡി എഫ് കൊണ്ടുവരും. വീടുകൾ സുരക്ഷിതമാക്കുകയാണ് എൽ‍ ഡി എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്ന് പറഞ്ഞ കോടിയേരി അസാദ്ധ്യമായത് സർക്കാർ സാദ്ധ്യമാക്കിയെന്നും അവകാശപ്പെട്ടു. ദേശീയപാത വികസനത്തിനുളള തടസം സർക്കാർ മാറ്റി. തിരുവനന്തപുരം മുതൽ കാസർകോടുവരെയുളള ജലപാത യാഥാർത്ഥ്യമാക്കി. മറ്റുളള സംസ്ഥാനങ്ങളിൽ സർക്കാരിനെ തകർത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജൻസികൾ റാകി പറക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെപോലെയല്ല കേരളം എന്ന് അവർ ഓർക്കണം. ഈ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.