
ന്യൂഡൽഹി: ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ശബരിമല സ്‌ത്രീപ്രവേശന കേസിലെ ഭിന്നവിധി പ്രസ്‌താവിച്ച ജഡ്‌ജിയും പദ്‌മനാഭസ്വാമി ക്ഷേത്ര വിധി പ്രസ്‌താവിച്ച ബെഞ്ചിലെ അംഗവുമായിരുന്ന ജസ്‌റ്റിസ് ഇന്ദു മൽഹോത്ര നാളെ വിരമിക്കും. ജസ്‌റ്റിസ് ഇന്ദു മൽഹോത്രയെക്കാളും മികച്ചൊരു ജഡ്‌ജിയെ തനിക്ക് അറിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞു.
ശബരിമല കേസിൽ ഭിന്നവിധിയിലൂടെ ജസ്‌റ്റിസ് ഇന്ദു മൽഹോത്ര തന്നെ അത്ഭുതപ്പെടുത്തിയെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. ഇന്ദു മൽഹോത്രയുടെ സത്യസന്ധതയും ആത്മാർത്ഥതയും തന്നെ അത്ഭുതപ്പെടുത്തി. ശബരിമല കേസിൽ ഭരണഘടനാ ധാർമ്മികത സംബന്ധിച്ച് കൃത്യമായ നിലപാട് ജസ്‌റ്റിസ് കൈക്കൊണ്ടതായും ഇതിലൂടെ സഹ ജഡ്‌ജിമാർക്ക് മികച്ച സന്ദേശം ജസ്‌റ്റിസ് ഇന്ദു മൽഹോത്ര നൽകിയെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ ജുഡീഷ്യൽ വ്യവസ്ഥ മെച്ചപ്പെടുത്താൻ തന്റെ കഴിവിന്റെ പരമാവധി നൽകിയെന്ന് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര. വികാരാധീനയായതിനാൽ ജസ്‌റ്റിസിന് പ്രസംഗം മുഴുമിപ്പിക്കാനായില്ല. ഇന്നാണ് ജസ്‌റ്റിസ് മൽഹോത്രയുടെ അവസാന പ്രവർത്തി ദിവസം.