water

തിരുവനന്തപുരം: വേനൽ കടുത്തതോടെ നഗരത്തിന്റെ തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. കത്തിക്കാളുന്ന ചൂടിനെ തുടർന്ന് ജലസ്രോതസുകൾ വറ്റിയതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം. പനത്തുറ മുതൽ വേളി വരെയാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. ഇതിനൊപ്പം ജലസ്രോതസുകൾ മലിനമായതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. പലയിടത്തും പൊതുടാപ്പുകൾ പ്രവർത്തനരഹിതമായിട്ടുണ്ട്.

 തീരപ്രദേശത്തെ കിണറുകളിൽ ഉപ്പുരസം

കടലിലെ ഉപ്പ് രസമുള്ള ജലം കിണറുകളിലേക്ക് പടർന്നതോടെ വെള്ളം കുടിക്കാൻ കൊള്ളാതെയായി. ഇതിനൊപ്പമാണ് മലിനമായി കിടക്കുന്ന പാർവതി പുത്തനാറിലെ മാലിന്യങ്ങൾ കിണറുകളിലേക്ക് ഒഴുകിയെത്തിയതും തിരിച്ചടിയായി. കിണറുകളിലെ ജലം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെയായതായി തീരദേശവാസികൾ പറയുന്നു. ദ്വീപ് പ്രദേശമായ ഇടയാറിലും സമീപ ഭാഗങ്ങളിലും താമസിക്കുന്നവർ കിലോമീറ്ററുകൾ താണ്ടിയാണ് ശുദ്ധജലം ശേഖരിക്കുന്നത്.

 ടാങ്കർ വെള്ളവും മലിനം

ശുദ്ധജല ക്ഷാമത്തെ തുടർന്ന് ടാങ്കറുകളിൽ എത്തിക്കുന്ന ജലം വില കൊടുത്ത് വാങ്ങാമെന്നു കരുതിയാൽ കിട്ടുന്നത് മലിനജലമാണെന്ന് മാത്രം. വാട്ടർ അതോറിട്ടിയുടെ സംഭരണികളിൽ നിന്ന് ശേഖരിക്കുന്ന ജലം ടാങ്കറുകൾ ഉയർന്ന് തുകയ്ക്ക് ഹോട്ടലുകൾക്ക് മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. പകരം കരമനയാർ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ച് ബ്ളീച്ചിംഗ് ലായനി ചേർത്ത് വിതരണം ചെയ്യുകയാണ് ചെയ്തുവരുന്നത്. മലിനജലമായതിനാൽ തന്നെ ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ജലഅതോറിട്ടി ജലം എത്തിക്കുന്നില്ലെന്ന് പരാതി ശക്തമാണ്. ശുദ്ധജലദൗർലഭ്യം നേരിടുന്ന തീരദേശ മേഖലകളിലേക്ക് കുടിവെള്ള പൈപ്പ് ലൈൻ, സ്വിവറേജ് ലൈൻ എന്നിവ സ്ഥാപിക്കുന്നതിന്റെ പേരിൽ വർഷങ്ങളായി ഇവിടെ പണികൾ നടന്നുവരികയാണ്. എന്നാൽ യാതൊരു പ്രയോജനവും ഇല്ല. പദ്ധതിക്ക് പിന്നിൽ വ്യാപക അഴിമതിയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ശംഖുംമുഖം മുതൽ പൂന്തുറ വരെയുള്ള പ്രദേശത്ത് 2013 ൽ സ്വിവറേജ് ലൈനിനായി സ്ഥാപിച്ച പൈപ്പുകൾ ഉപയോഗിക്കാത്തതിനാൽ നാശാവസ്ഥയിലാണ്. വലിയതുറ, വള്ളക്കടവ്, ബീമാപള്ളി ഈസ്റ്റ് എന്നീ നാല് വാർഡുകളിൽ 37 കോടി മുടക്കിയാണ് സ്വിവറേജ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്.

നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ തുടങ്ങിയ ജൻറം കുടിവെള്ള പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. അരുവിക്കരയിൽ നിന്ന് വിവിധ പ്രദേശങ്ങളിലെ ടാങ്കുകളിൽ വെള്ളം എത്തിച്ച് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പുതിയ ലൈനിട്ട് കണക്ഷൻ നൽകുന്നതാണ് ജൻറം പദ്ധതി. നഗരത്തിനുള്ളിൽ പത്ത് പാക്കേജുകളിലായി 651 കിലോമീറ്റർ ദൂരമാണ് ജൻറം പദ്ധതിയിലുള്ളത്. പദ്ധതി പ്രകാരം 498 കിലോമീറ്റർ ദൂരം പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും 175 കിലോമീറ്റർ ദൂരം പൈപ്പ് ലൈനുകൾ ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഒന്നും മുന്നോട്ട് പോയില്ല.