machans

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന 'മൈ ഡിയർ മച്ചാൻസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരങ്ങളായ അഷ്കർ സൗദാൻ, രാഹുൽ മാധവ്, ബാല, ആര്യൻ, അബിൻ ജോൺ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷൻ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയർ മച്ചാൻസ് ഒരു ഫാമിലി എൻർടെയ്നർ കൂടിയാണ്. സൗഹൃദം പ്രമേയമായി വരുന്ന ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഹൃദ്യമായി സൗഹൃദത്തിന്റെ രസവും നോവും ആഹ്ളാദവുമൊക്കെ ഈ ചിത്രം ഒപ്പിയെടുക്കുന്നു. അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ഈ ചെറുപ്പക്കാരുടെ ജീവിതം പുതിയൊരു സന്ദേശം കൂടി യൂത്തിന് പകർന്നു നൽകുകയാണ്. രാഹുൽ മാധവ് (കണ്ണൻ) അഷ്‌കർ സൗദാൻ (അജു) , ആര്യൻ (അപ്പു), അബിൻ ജോൺ (വിക്കി) ഈ സൗഹൃദക്കൂട്ടമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. ഇവരുടെ സൗഹൃദ ജീവിതത്തിലേക്ക് കടന്നുവരുന്ന വില്ലനാണ് ബാല (രംഗനാഥൻ). നീരജയാണ് (ശാലിനി) നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത്. സാജു കൊടിയൻ, സായ്‌കുമാർ, കോട്ടയം പ്രദീപ്, കിച്ചു, അമീർ നിയാസ്, നവാസ് ബക്കർ, ചാലി പാല, മേഘനാഥൻ, ഉണ്ണി നായർ, ബോബൻ ആലുമൂടൻ, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്‌നേഹ, സീത എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം: പി.സുകുമാർ, കഥ,തിരക്കഥ: വിവേക്, ഷെഹീം കൊച്ചന്നൂർ.
ഗാനരചന: എസ്.രമേശൻ നായർ, ബി.ഹരിനാരായണൻ. സംഗീതം: വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ. എഡിറ്റർ: ലിജോ പോൾ. പി.ആർ.ഒ: പി.ആർ.സുമേരൻ.