kamal-hassan

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. ആകെയുള്ള 234 സീറ്റുകളിൽ 154 എണ്ണത്തിൽ മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് കമൽ നേരത്തെ അറിയിച്ചിരുന്നു. ബാക്കിയുള്ള 80 സീറ്റുകളിൽ ഘടകകക്ഷികളായ ആൾ ഇന്ത്യ സമതുവ മക്കൾ കറ്റ്‌ച്ചി (എ ഐ എസ് എം കെ), ഇന്തിയ ജനനായക കറ്റ്‌ച്ചി എന്നിവരും മത്സരിക്കും.

എഴുപതുപേരുടെ പട്ടികയാണ് മക്കൾ നീതി മയ്യം പുറത്തുവിട്ടിരിക്കുന്നത്. മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൽ കലാമിന്റെ സഹപ്രവർത്തകനും ശാസ്‌ത്രജ്ഞനുമായ വി പൊൻരാജ്, ഗാനരചയിതാവ് സ്നേഹൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബു എന്നിവർ ഇതിൽ പ്രമുഖരാണ്.

പിതാവ് ശ്രീനിവാസന് ആദരമർപ്പിച്ചുകൊണ്ടാണ് മത്സരാർത്ഥികളുടെ പട്ടിക കമൽ പുറത്തുവിട്ടത്. താൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥനായി പിന്നീട് രാഷ്‌ട്രീയത്തിൽ പ്രവേശിക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് കമൽ പറഞ്ഞു. എന്നാൽ ഐഎഎസ് എന്ന ആഗ്രഹം സഫലമാക്കാൻ തനിക്ക് കഴിഞ്ഞില്ല. പക്ഷേ തന്റെ പാർട്ടിയിൽ ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന നിരവധിപേർ സഹകരിക്കുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ നിമിഷമാണെന്നും കമൽ കൂട്ടിച്ചേർത്തു.

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുകളാണ് മക്കൾ നീതി മയ്യത്തിന് ലഭിച്ചത്. നഗരപരിധിയിൽ ഇത് പത്ത് ശതമാനവുമായിരുന്നു. വീട്ടമ്മമാർക്ക് ശമ്പളം, പത്ത് ലക്ഷം തൊഴിൽ അവസരങ്ങൾ, എല്ലാവീട്ടിലും കമ്പ്യൂട്ടറും ഇന്റർനെറ്റും എന്നിവയാണ് കമലിന്റെ വാഗ്‌ദ്ധാനങ്ങൾ.